
കൊച്ചി: ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാൻ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടരുന്നു. കേരളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് ശ്രീലങ്കയിൽ നടന്ന സ്ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എൻഐഎ അറിയിച്ചു. എന്നാൽ ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാൻ ഹാഷിമിന്‍റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എന്‍ഐഎ വ്യക്തമാക്കി.
കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്‍റെ തമിഴ്‍നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എൻഐഎയുടെ നീക്കം. കസ്റ്റഡിയിലുള്ളവര്‍ക്ക് സിറിയയിലേക്ക് ആളെ കടത്തിയതിൽ ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നു. സഹ്രാൻ ഹാഷിം മുമ്പ് കേരളത്തിൽ എത്തിയതായി തെളിവുകളൊന്നും നിലവിൽ കിട്ടിയിട്ടില്ല. എങ്കിലും, സഹ്രാൻ ഹാഷിം കേരളത്തിൽ എത്തിയിരുന്നോയെന്നും പരിശോധിക്കുമെന്ന് എന്‍ഐഎ അറിയിച്ചു.
കാസർകോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു. കൊളംബോയിലെ ഭീകാരാക്രമണത്തിൽ ചാവേറായി മാറിയ സഹ്രാൻ ഹാഷിമിന്‍റെ പ്രസംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ അന്വേഷണം.
അതേസമയം, ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുകൾ കേരളത്തിലും തമിഴ്‍നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടർന്ന് കേരളത്തിലും തമിഴ്‍നാട്ടിലും തെരച്ചിൽ ശക്തമാക്കിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും തൗഹീത് ജമാഅതിന് വേരുകളുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ പരിശോധന തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam