മൂന്നര വയസ്സുകാരന് പരിക്കേറ്റ സംഭവം: അമ്മയോ സുഹൃത്തോ ഉപദ്രവിച്ചത് മൂലമുണ്ടായ പരിക്കല്ലെന്ന് പൊലീസ്

By Web TeamFirst Published May 15, 2019, 5:47 PM IST
Highlights

പാലക്കാട്ട് നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ കുഞ്ഞിനെയാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മൂന്നര വയസ്സുകാരന്‍റെ അമ്മ സുലൈഹയെയും കാമുകൻ അൽത്താഫിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

കോഴിക്കോട്: കോഴിക്കോട് മൂന്നര വയസ്സുള്ള കുട്ടിക്ക് പരിക്കേറ്റത് ബൈക്ക് അപകടത്തിലാണെന്ന് സ്ഥിരീകരണം. കുട്ടിയെ അമ്മയോ സുഹൃത്തോ ഉപദ്രവിച്ചത് മൂലമുണ്ടായ പരിക്കല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റത് അപകടത്തിലാണെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായതിന് പിന്നാലെയാണ് പൊലീസിന്‍റെ സ്ഥിരീകരണം.

പാലക്കാട്ട് നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന മകനെയാണ് പരിക്കേറ്റ നിലയിൽ പൊലീസ് കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടർന്ന നിലയിലാണ്. മുഖത്തിന്‍റെ ഒരു വശത്തും, മൂക്കിലും, കയ്യിലും കാലിലുമായാണ് പരിക്ക്. യുവതിയും കാമുകനും ചേർന്ന് കുട്ടിയെ പൊള്ളിച്ചെന്നാണ് പരാതിയുയർന്നിരുന്നത്. ഇതേത്തുടര്‍ന്ന്, കുട്ടിയുടെ അമ്മ സുലൈഹയെയും കാമുകൻ അൽത്താഫിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

കുട്ടിയുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കുട്ടിയെ ഇവർ ഉപദ്രവിച്ചെന്ന് അച്ഛന്‍റെ ബന്ധുക്കളും ആരോപിക്കുന്നു. അപകടം പറ്റിയതാണെന്നും അങ്ങനെയാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നുമാണ് കുട്ടിയുടെ അമ്മയുടെയും കാമുകന്‍റെയും മൊഴി. എന്നാൽ, കുട്ടിയുടെ മുഖത്തെയും കാലിലെയും കയ്യിലെയും മുറിവുകൾ പ്രഥമദൃഷ്ട്യാ പൊള്ളലേറ്റതു പോലെയാണെന്ന് ബന്ധുക്കൾ പറയുന്നു. യുവതിയെയും കാമുകനെയും നടക്കാവ് സർക്കിൾ ഇൻസ്പെക്ടർ എ.വി പ്രദീപ് ചോദ്യം ചെയ്തു. സുലേഖയുടെ സഹോദര പുത്രനാണ് കാമുകനായ അൽത്താഫ്. 

ഏപ്രിൽ 27-ന് പാലക്കാട് നിന്നാണ് സുലേഖയേയും മകനേയും കാണാതായത്. ഭർത്താവ് കോയമ്പത്തൂർ ശെൽവപുരം സുബൈർ അലിയുടെ പരാതിയിൽ പാലക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിൽ സുബൈറും ബന്ധുക്കളും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയെയും അമ്മയെയും കാണാൻ ഇല്ലെന്ന പരാതി പാലക്കാട് സൗത്ത് പൊലീസിൽ ഉള്ളതിനാൽ ഇനി നടപടികൾ അവിടെയാവും പൂർത്തിയാക്കുക. പാലക്കാട് പൊലീസ് എത്തി ഇവരെ കൊണ്ടുപോകും.

click me!