സാലറി കട്ടിന് സ്റ്റേ; തുടര്‍നടപടികള്‍ ഇന്നത്തെ മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും, ഓര്‍ഡിനന്‍സ് ഇറക്കാൻ ആലോചന

By Web TeamFirst Published Apr 29, 2020, 5:58 AM IST
Highlights

രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ പ്രധാനമായും ആലോചിക്കുന്നത്. ഒന്നുകില്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുക. അല്ലെങ്കില്‍ ശമ്പളം പിടിക്കാന്‍ വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കുക. 

തിരുവനന്തപുരം: ജീവനക്കാരുടെ സാലറി കട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ തുടര്‍ നടപടികള്‍ ഇന്നത്തെ മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും. ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെ കുറിച്ചും വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം നീട്ടിവെയ്ക്കാന്‍ വേണ്ടി പുതിയ ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭയോഗത്തില്‍ തീരുമാനമുണ്ടായേക്കും.

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിലെ ആറ് ദിവസം വച്ച് അഞ്ച് മാസം വരെ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തത്. എന്നാല്‍, നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ട് തന്നെ ഹൈക്കോടതി വിധി മറികടക്കാനാശ്യമായ ചര്‍ച്ചകളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. 

രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ പ്രധാനമായും ആലോചിക്കുന്നത്. ഒന്നുകില്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുക. അല്ലെങ്കില്‍ ശമ്പളം പിടിക്കാന്‍ വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കുക. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത് കൊണ്ട് നിയമപരമായി ശമ്പളം പിടിക്കാന്‍ വേണ്ടിയുള്ള ഓര്‍ഡിനന്‍സിന്‍രെ സാധ്യത പരിശോധിക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരിന്നു.

എന്നാല്‍, കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വാര്‍ഡ് വിഭജനം നടക്കാത്തത് കൊണ്ട് തദ്ദേശ തെരഞ്ഞടുപ്പ് ഒക്ടോബറില്‍ നടക്കണമെങ്കില്‍ വാര്‍ഡ് വിഭജവനം നീട്ടിവെയ്ക്കണമെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വാര്‍ഡ് വിഭജനം തെര‍ഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തില്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ട് വരാന്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

click me!