കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു

By Web TeamFirst Published Feb 26, 2021, 9:45 AM IST
Highlights

ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയ ശേഷം മാത്രമേ ടോൾ പിരിവ് നടത്താവൂ എന്നും ഈ അനുമതി നിര്‍ബന്ധമാണെന്നും പൊലീസ് ടോൾ പ്ലാസാ അധികൃതരെ അറിയിച്ചു

കൊല്ലം: കൊല്ലം ബൈപാസിൽ ടോൾ പിരിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. ഇന്ന് രാവിലെ എട്ടു മണി മുതൽ ടോൾ പിരിവ് തുടങ്ങാനായിരുന്നു ദേശീയ പാതാ അതോറിറ്റിയുടെ നീക്കം. കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നടത്തരുത് എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തീരുമാനമാകും മുൻപാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനപ്രകാരം ടോൾ പിരിവ് തുടങ്ങിയത്. 

രാവിലെ ടോൾപ്ലാസ അധികൃതര്‍ എത്തി ടോൾ പിരിവിനുള്ള നടപടികളാരംഭിച്ചതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയ ശേഷം മാത്രമേ ടോൾ പിരിവ് നടത്താവൂ എന്നും ഈ അനുമതി നിര്‍ബന്ധമാണെന്നും പൊലീസ് ടോൾ പ്ലാസാ അധികൃതരെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ടോൾ പിരിവ് നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ പൊലീസ് നിര്‍ദേശം അവഗണിച്ചും ടോൾ പ്ലാസ തുറക്കാൻ അധികൃതര്‍ ശ്രമിച്ചതോടെ പൊലീസ് സ്വരം കടുപ്പിക്കുകയും പ്ലാസ അടപ്പിക്കുകയും ചെയ്തു.. 

ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരൻ ഇന്നലെയും ദേശീയ പാതാ അതോറിറ്റിക്ക് കത്തയച്ചിരുന്നു. എന്നാൽ പിരിവിന് കേന്ദ്ര സർക്കാർ അനുമതി ഉണ്ടെന്ന നിലപാടിലാണ് എൻഎച്ച്എഐ. ഇന്നലെ രാത്രി വൈകി വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോൾ പിരിവ് തുടങ്ങാൻ പോകുന്ന കാര്യം എൻഎച്ച്എ ഐ അധികൃതർ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ടോൾ പിരിവിനെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷയും കൂട്ടിയിട്ടുണ്ട്. ഡിവൈഎഎഫ്ഐ ടോൾ ബൂത്തിലേക്ക് പ്രതിഷേധവുമായി എത്തിയെങ്കിലും അതിന് മുൻപേ ടോൾ പ്ലാസക്കാരെ പൊലീസ് അവിടെ നിന്നും നീക്കിയിരുന്നു. കൊല്ലം ബൈപ്പാസ് ആറ് വരിയായി വികസപ്പിക്കാതെ ടോൾ പിരിവ് വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ നിലപാട്. 
 

click me!