
അട്ടപ്പാടി: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ നടന്ന വെടിവെപ്പിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് രണ്ടാം ദിവസം നടന്ന വെടിവെപ്പിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ഒരുമണിക്കൂറിലേറെ വെടിവെപ്പ് നടന്നെന്നായിരുന്നു പൊലീസും തണ്ടര്‍ബോള്‍ട്ടും പറഞ്ഞിരുന്നത്. പൊലീസുകാരും മറ്റ് ചിലരും നിലത്ത് കിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്, കൂടാതെ വെടിയൊച്ചയും കേള്‍ക്കാം.
കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി രണ്ടാംദിനം മഞ്ചികണ്ടിയില്‍ നിന്ന് ഉള്‍വനത്തിലേക്ക് പൊലീസ് ഉദ്യോഗസ്ഥരുംറവന്യു ഉദ്യോഗസ്ഥരും നാട്ടുകാരും എത്തിയിരുന്നു. ഒന്‍പത് മണിയോടെ ഉള്‍വനത്തിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് തുടക്കമിടുന്നതിനിടെയാണ് രണ്ട് മണിക്കൂറോളം വെടിവെപ്പ് ഉണ്ടായതെന്നാണ് പൊലീസ് വാദം. എന്നാല്‍ തലപൊന്തിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ എവിടെ നിന്ന് ആരാണ് വെടിയുതിര്‍ത്തതെന്ന് അറിയില്ലെന്ന് കൂടെപോയ നാട്ടുകാര്‍ പറഞ്ഞു. ദൃശ്യങ്ങളില്‍ തലപൊന്തിക്കാന്‍ പറ്റാതെ നിലത്ത് ആളുകള്‍ കിടക്കുന്നത് കാണാം.
അട്ടപ്പാടിയിലുണ്ടായ വെടിവെപ്പില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മണിവാസകം, കർണാടക സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ആദ്യദിവസത്തെ വെടിവെപ്പില്‍ സുരേഷ്, രമ, കാര്‍ത്തി എന്നിവരും രണ്ടാം ദിവസം ഉണ്ടായ വെടിവെപ്പില്‍ മണിവാസകവും കൊല്ലപ്പെടുകയായിരുന്നു. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ ദുരൂഹതയെന്ന ആരോപണം ഏറുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നാണ് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകന്‍ പറഞ്ഞത്. ആദിവാസികളെ ദൂതരാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും മുരുകന്‍ പറഞ്ഞു.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam