ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; നഗരസഭ അധ്യക്ഷ പികെ ശ്യാമളയുടെ മൊഴിയെടുക്കുന്നു

By Web TeamFirst Published Jul 9, 2019, 4:47 PM IST
Highlights

നഗരസഭ അധ്യക്ഷയുടെ ഓഫീസിലെത്തിയാണ് അന്വേഷണ സംഘം പികെ ശ്യാമളയുടെ മൊഴിയെടുക്കുന്നത്. 

കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ പരിധിയിൽ കൺവെൻഷൻ സെന്‍ററിന് പ്രവര്‍ത്തന അനുമതി നൽകുന്നതിലെ കാലതാമസത്തിൽ മനം നൊന്ത് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കുന്നു. ആന്തൂര്‍ നഗരസഭ കാര്യാലയത്തിലെ ഓഫീസിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. 

നഗരസഭാ ചെയര്‍പേഴ്സന്‍റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് സാജൻ ആത്മഹത്യ ചെയ്തതെന്നാണ് കേസിൽ പ്രധാനപ്പെട്ട ആരോപണം. കുടുംബത്തിന്‍റെ മൊഴിയിലും സാജന്‍റെ കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും എല്ലാം പികെ ശ്യാമളയ്കക്ക് എതിരെ ആരോപണം ഉണ്ട്. എന്നാൽ സാജന്‍റെ ആത്മഹത്യാ കുറിപ്പിൽ സാജന്‍റെ പേര് ഉണ്ടായിരുന്നുമില്ല. 

ഏതായാലും കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടാണ് നഗരസഭ അധ്യക്ഷയുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായത്. മുൻകൂര്‍ അനുമതി വാങ്ങിയാണ് മൊഴിയെടുക്കുന്നത്. കൺവെൻഷൻ സെന്‍റിന് പ്രവര്‍ത്തന അനുമതി വൈകിയതിന് പിന്നിൽ പി കെ ശ്യാമളയുടെ ഇടപെടൽ ഉണ്ടോ, സാജന് മാനസിക പ്രയാസം ഉണ്ടാക്കും വിധം നഗരസഭ അധ്യക്ഷയുടെ ഭാഗത്തു നിന്ന് പെരുമാറ്റം ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.

click me!