ദുരിതാശ്വാസം സംബന്ധിച്ച് വ്യാജപ്രചരണം; അഞ്ച് പേര്‍ അറസ്റ്റില്‍, രജിസ്റ്റര്‍ ചെയ്തത് 32 കേസുകള്‍

By Web TeamFirst Published Aug 14, 2019, 8:03 PM IST
Highlights

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ആകെ 32 കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് ഇൻഫർമേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. 

തിരുവനന്തപുരം സ്വദേശി അജയൻ, വെള്ളമുണ്ട സ്വദേശി സി വി ഷിബു, കുന്നമംഗംലം സ്വദേശി ജസ്റ്റിൻ, പുൽപ്പള്ളി സ്വദേശി ബാബു, ഇരവിപേരൂർ സ്വദേശി രഘു എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു ഇന്നലെ അറസ്റ്റിലായിരുന്നു.  

രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും മറ്റ് നിയമനടപടികളും ഊര്‍ജ്ജിതപ്പെടുത്തിയതായി ലോകനാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.

click me!