ഐഎന്‍എല്‍ കയ്യാങ്കളി; കേസ് സംഘാടകര്‍ക്കും ഹോട്ടലിനും എതിരെ, മന്ത്രിയെ ഒഴിവാക്കി

By Web TeamFirst Published Jul 26, 2021, 11:22 AM IST
Highlights

യോഗത്തില്‍ പങ്കെടുത്ത  മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ഒഴിവാക്കിയാണ് കേസ്. സംഘാടകനല്ല എന്ന പേരിലാണ് മന്ത്രിയെ കേസില്‍ നിന്ന് ഒഴിവാക്കിയത്. 

കൊച്ചി: കൊച്ചിയിൽ ഇന്നലെ കയ്യാങ്കളിയിലെത്തിയ ഐഎൻഎൽ യോഗവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു കേസുകൾ രജിസ്റ്റ‍ർ ചെയ്തു. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് യോഗം നടത്തിയതിനും നടുറോഡിൽ ഏറ്റുമുട്ടിയതിനുമാണ് കേസുകൾ. എന്നാൽ യോഗത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർ കോവിലിനെ കേസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മന്ത്രി സംഘാടകനല്ല എന്ന സാങ്കേതിക കാരണം പറഞ്ഞാണ് നടപടി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് യോഗം നടത്തിയതിനാണ് സംഘാടകർക്കും ഹോട്ടല്‍ അധികൃതര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്.  

സമ്പൂർണ ലോക്ഡൗൺ നിലനിൽക്കുന്ന ഞായറാഴ്ച കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയായിരുന്നു മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് സെക്രട്ടറി കാസിം ഇരിക്കൂറിന്‍റെയും പ്രസിഡന്‍റ് അബ്ദുൽ വഹാബിന്‍റെയും അണികൾ തെരുവില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. തെരുവ് യുദ്ധക്കളമായതോടെ പോലീസ് എത്തി അണികളെ അറസ്റ്റു ചെയ്ത് മാറ്റുകയായിരുന്നു. യോഗത്തിനിടെ നടന്ന കൂട്ടത്തല്ലിനും  പോർവിളിക്കും ശേഷമാണ് പാർട്ടി പിളർന്നതായി നേതാക്കള്‍ പ്രഖ്യാപനം നടത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!