
നെടുംകണ്ടം : ഇടുക്കി നെടുംകണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ സജിയുടെ പിതാവിൻറെ തിരോധാനത്തിലും പോലീസ് അന്വേഷണം ഊർജ്ജിതമാക്കും. മേരിക്കുട്ടിയുടെ ഭർത്താവ് മാത്യു തോമസിനെ 2018 ലാണ് കാണാതായത്.
2018 മാർച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ കാണാതായത്. പാസ്റ്ററായിരുന്നു ഇദ്ദേഹം. ഭാര്യക്കും മക്കളായ റെജിക്കും സജിക്കുമൊപ്പമാണ് മാത്യു താമസിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരിയായ ഇളയ മകൾ ജിജിയുടെ ചികിത്സക്കായി കട്ടപ്പന വെള്ളയാംകുടിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണിദ്ദേഹം വീട്ടിൽ നിന്നും പോയതെന്നാണ് പോലീസിൽ നൽകിയിരിക്കുന്ന വിവരം. മൂത്ത മകൻ റെജിയുടെ പരാതിയിൽ മാർച്ച് ഒൻപതാം തീയതി പോലീസ് കേസെടുക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ കാര്യമായ അന്വേഷണം നടത്തി.
നെടുങ്കണ്ടത്തെത്തിയ മാത്യു ബസിൽ കയറിപ്പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിക്കുകയും ചെയ്തു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് തുമ്പൊന്നും ലഭിച്ചില്ല. ഇതോടെ തൃപ്തികരമായ വിവരങ്ങൾ ലഭിച്ചാൽ അന്വേഷണം തുടരാമെന്ന് രേഖപ്പെടുത്തി അന്വേഷണം മാറ്റി വച്ചു. മേരിക്കുട്ടിയെയും മൂത്ത മകൻ റെജിയെയും ഇളയ മകൻ സജി കൊലപ്പെടുത്തിയത് സ്ഥിരീകരിച്ചതോടെ കേസിൽ തുടരന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനായി റിമാൻഡിൽ കഴിയുന്ന സജിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പോലീസിൻറെ കണക്കൂ കൂട്ടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam