
കൊല്ലം: കൊട്ടാരക്കരയിൽ ഫോണിൽ സന്ദേശങ്ങൾ വന്നതിന് പിന്നാലെ വീട്ടിൽ അത്ഭുതങ്ങൾ സംഭവിച്ചതിന് പിന്നിൽ കൗമാരക്കാരനെന്ന് പൊലീസ്. വീട്ടമ്മയുടെ ബന്ധുവായ പതിനാലുകാരൻ ഫോണ്‍ ഹാക്ക് ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. എന്നാൽ വീട്ടിലെ ടിവിയും ഫ്രിഡ്ജും കത്തിയതിന് പിന്നിൽ അസ്വാഭാവികതയില്ലെന്നും കൊട്ടാരക്കര പൊലീസ് പറയുന്നു.
വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നതെല്ലാം വീട്ടിൽ അതേപടി നടക്കുക. ഫാനുകളും ലൈറ്റുമെല്ലാം ഓഫായെന്നും, ടിവിയും ഫ്രിഡ്ജും കത്തി നശിച്ചെന്നുമുള്ള പരാതിയുമായി നെല്ലിക്കുന്നം സ്വദേശിയായ സജിതയാണ് കൊട്ടാരക്കര പൊലീസിനെ സമീപിച്ചത്. സൈബര്‍ കൂടോത്രം എന്ന പേരിൽ വിഷയം സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയായി. സൈബർ പൊലീസിന്റെ സാഹയത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീട്ടിൽ നടന്ന അത്ഭുതങ്ങൾക്ക് പിന്നിൽ കുട്ടിക്കളിയാണെന്ന് കണ്ടെത്തിയത്. വീട്ടുകാരെ കബളിപ്പിക്കാൻ സജിതയുടെ ബന്ധുവായ പതിനാലുകാരൻ തമാശയ്ക്ക് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഫോണിൽ ഡൗണ് ലോഡ് ചെയ്ത പ്രത്യേക ആപ് വഴിയാണ് വീട്ടുകാരുടെ വാട്സ്ആപ് കുട്ടി നിയന്ത്രിച്ചിരുന്നത്. വാട്സ്ആപ്പിൽ മെസേജ് അയച്ച ശേഷം കുട്ടി തന്നെ പോയി ഫാനുകളും ലൈറ്റും ഓഫ് ചെയ്യുകയായിരുന്നു.
എന്നാൽ ടിവിയും ഫ്രിഡ്ജും കത്തിയത് മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാകുമെന്നും പൊലീസ് പറയുന്നു. കുട്ടിക്ക് കൗണ്‍സിലിംഗ് നൽകിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. വീട്ടുകാരെ കഴിഞ്ഞ മൂന്ന് മാസമായി വട്ടം ചുറ്റിച്ച സംഭവത്തിൽ ചുരുളഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സജിതയും കുടുംബവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam