കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെടുത്ത അതേ രേഖ അറസ്റ്റിലായ യുവാവും സൂക്ഷിച്ചെന്ന് പൊലീസ്

By Web TeamFirst Published Nov 6, 2019, 2:31 PM IST
Highlights

താഹയുടേയും അലന്‍റേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത ഇലക്ട്രിക്ക് ഡിവൈസുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍. 

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ കൂടുതൽ ചോദ്യംചെയ്യലിനായി പൊലീസ് കോടതിയിൽ പ്രതികളുടെ  കസ്റ്റഡി അപേക്ഷ നൽകും. രക്ഷപ്പെട്ട  മൂന്നാമനായുള്ള തെരച്ചിലിനൊപ്പം ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുകയാണ് അന്വേഷണ സംഘം. അട്ടപ്പാടി മഞ്ചികണ്ടിയിൽ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്ന് കണ്ടെടുത്ത പെൻഡ്രൈവിലെ ലഘുലേഖകൾതന്നെയാണ് പന്തീരങ്കാവില്‍ അറസ്റ്റിലായ താഹാ ഫസലിന്റെ വീട്ടിൽ നിന്നും കിട്ടിയതെന്ന് പൊലീസ് അവകാശപ്പെടുന്നു. താഹയുടേയും അലന്‍റേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത ഇലക്ട്രിക്ക് ഡിവൈസുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍. 

മഞ്ചിക്കണ്ടി വെടിവയ്പ്പിന് ശേഷം മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് തിരിച്ചടി ഉണ്ടായേക്കുമെന്ന് രഹസ്യവവരം കിട്ടിയിരുന്നു എന്ന് പൊലീസ് പറയുന്നു. മാവോയിസ്റ്റ് ബന്ഡമുള്ളവരെ നിരീക്ഷിക്കാനും സംശയം തോന്നിയാൽ ചോദ്യംചെയ്യാനും ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ നിർദ്ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് അലനും താഹയും പിടിയിലായതെന്നാണ് പൊലീസ് ഭാഷ്യം. മഞ്ചിക്കണ്ടിയിൽ നിന്ന് കണ്ടെടുത്ത പെൻഡ്രൈവിലെ ലഘുലേഖകൾ തന്നെയാണ് താഹാ ഫസലിന്റെ വീട്ടിൽ നിന്നും കിട്ടിയതെന്ന് പൊലീസ് അവകാശപ്പെടുന്നു. 

പെൻഡ്രവിലുള്ള സിപിഐ മാവോയിസ്റ്റ് പാർട്ടി രേഖകളുടെ മലയാളം പരിഭാഷയും താഹയുടെ വീടിൽ നിന്ന് കിട്ടിയെന്നാണ് പൊലീസ് പറയുന്നത്.  ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്ത ഡിജിറ്റൽ ഡോക്യുമെന്റുകൾ നിലവിൽ ഫൊറൻസിക് ലാബിലാണ്.  ലാപ് ടോപ്പ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്റുകളുടെ പകർപ്പ് ഫോറൻസിക് ലാബിൽ നിന്നും പൊലീസ് വാങ്ങി. ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നത്കൊണ്ടാണ് ഡോക്യുമെന്റുകൾ കോപ്പിചെയ്ത് എടുത്തത്. ഈ തെളിവുകൾ കൂടി വിശകലനം ചെയ്ത ശേഷമാകും പ്രതികളെ പൊലീസ് ചോദ്യം ചെയ്യുക. രക്ഷപ്പെട്ട മൂന്നാമനെ പിടിക്കാൻ നഗരത്തിലെ സിസിടിവി പരിശോധിച്ചുവരികയാണ് അന്വേഷണസംഘം. അലന്റെയും താഹയുടെയും അടുത്ത സുഹൃത്തുകളുടെ വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് എത്തി.

click me!