ബോഗികൾ കുറവ്, മെമു വേണ്ടെന്ന് യാത്രക്കാർ: ആലപ്പുഴ- എറണാകുളം പാസഞ്ചർ തിരികെ ആവശ്യപ്പെട്ട് പ്രതിഷേധം

By Web TeamFirst Published Nov 6, 2019, 1:23 PM IST
Highlights

ബോഗി കുറവുള്ള ട്രെയിനിലെ യാത്ര പരമദയനീയമെന്ന് യാത്രക്കാർ. മെമുവിന് കൂടുതൽ ബോഗികൾ അനുവദിക്കുകയോ, പഴയ പാസഞ്ചർ ട്രെയിൽ തിരികെ കൊണ്ടുവരികയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം.

കൊച്ചി: ആലപ്പുഴ- എറണാകുളം പാസഞ്ചർ ട്രെയിനിന് പകരമായി മെമു ട്രെയിൻ നൽകിയതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. ബോഗി കുറവുള്ള ട്രെയിനിലെ യാത്ര പരമദയനീയമാണെന്നും റെയിൽവേക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നുമാണ് യാത്രക്കാരുടെ ആരോപണം.

രാവിലെ 7.25ന് ആലപ്പുഴയിൽ നിന്ന് സർവ്വീസ് നടത്തിയിരുന്ന പാസഞ്ചറിന് പകരം ഒക്ടോബർ 22 മുതലാണ് മെമു സർവ്വീസ് ആരംഭിച്ചത്. പാസഞ്ചർ ട്രെയിനിൽ 16 ബോഗികളാണ് ഉണ്ടായിരുന്നത്. നിലവിൽ സർവ്വീസ് നടത്തുന്ന മെമുവിലുള്ളത് 12 ബോഗികൾ മാത്രം ആണ്. മെമു യാത്ര ദുരിതമായതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നത്. ആലപ്പുഴ,തുറവൂർ, എഴുപുന്ന,എറണാകുളം ഉൾപ്പെടെ ട്രെയിൻ നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും യാത്രക്കാർ പ്രതിഷേധിച്ചു.

പഴയ പാസഞ്ചർ ട്രെയിൻ തിരികെ കൊണ്ടുവരുകയോ മെമുവിന് കൂടുതൽ ബോഗികൾ അനുവദിക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതേസമയം എട്ട് ബോഗികളാണ് സാധാരണ മെമുവിൽ ഉണ്ടാകുകയെന്നും നിലവിലുള്ള പന്ത്രണ്ട് ബോഗികളിൽ കൂടുതൽ അനുവദിക്കാനാകില്ലെന്നുമാണ് റെയിൽവേയുടെ നിലപാട്. മറ്റ് റൂട്ടുകളിൽ മെമു ട്രെയിനിനായി ആവശ്യമുയരുമ്പോഴാണ് ഒരു വിഭാഗം യാത്രക്കാർ ആലപ്പുഴ വഴി മെമു വേണ്ടെന്ന നിലപാടെടുക്കുന്നതെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

click me!