
തൃശ്ശൂർ: കൊരട്ടിയിൽ യുവാവിന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കള്ളുഷാപ്പിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. രണ്ടു ദിവസം മുമ്പാണ് 33 കാരനായ വലിയവീട്ടിൽ എബിന്‍റെ
മൃതദേഹം കൊരട്ടി പടിഞ്ഞാറേ അങ്ങാടിയിൽ ഇറിഗേഷൻ കനാലിൽ കണ്ടെത്തിയത്.
കൊരട്ടി പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. അനിൽ , വിജിത് എന്നിവരാണ് പിടിയിൽ ആയത്. കൊല്ലപ്പെട്ട എബിനും അനിലും വിജിത്തും സുഹൃത്തുക്കൾ ആയിരുന്നു. സംഭവ ദിവസം മൂവരും ഷാപ്പിൽ എത്തി ഒരുമിച്ചു കള്ളു കുടിച്ചു.
ഇതിനിടെ എബിൻ പ്രതികളുടെ പേഴ്സും, ഫോണും മോഷ്ടിച്ചു. ഇതാണ് തർക്കത്തിന് കാരണം. മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരിക അവയവങ്ങൾ തകർന്ന് രക്തസ്രവം ഉണ്ടായതാണ് മരണ കാരണം
എബിന്‍റെ വാരിയെല്ലുകളും ഒടിഞ്ഞിരുന്നു . രാത്രി കനാലിൽ മൃതദേഹം ഉപേക്ഷിച്ച പ്രതികൾ പുലർച്ചെ നാലു മണിയോടെ തിരിച്ചെത്തി മരണം ഉറപ്പിച്ചു. പിന്നീട് അയൽ സംസ്ഥാനത്തേക്ക് കടക്കുന്നതിനിടയിലാണ് പിടിയിലായത്. രണ്ടു പ്രതികളും കഞ്ചാവ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കൊല്ലപ്പെട്ട എബിനും നിരവധി കേസുകളിൽ പ്രതി ആയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊരട്ടി എസ്‍എച്ച്ഒ അരുണിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam