
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകുമെന്ന് പൊലീസ്. ഗൂഢാലോചനയ്ക്ക് തെളിവായി പൊലീസ് ശേഖരിച്ച വാട്‍സാപ്പ് ഗ്രൂപ്പിലുള്ള നേതാക്കൾക്കാണ് നോട്ടീസ് നൽകുക. മുഖ്യമന്ത്രിയെ വധിക്കാൻ ശബരീനാഥിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്ന് ഈ ഗ്രൂപ്പിൽ നിന്ന് പുറത്തുവന്ന വാട്‍സാപ്പ് ചാറ്റുകൾ ഉയർത്തിക്കാട്ടി പൊലീസ് ആരോപിച്ചിരുന്നു. പിന്നാലെ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ കെ.എസ്.ശബരീനാഥിനെതിരെ വലിയതുറ പൊലീസ് കേസെടുത്തു. കേസിൽ ശബരീനാഥന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഈ കേസിലാണ് കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
ജയരാജനെതിരെ എയർക്രാഫ്റ്റ് ആക്ട് ചുമത്തില്ല
അതേസമയം വിമാനത്തിലെ കയ്യേറ്റത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ‍്‍സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ എയർ ക്രാഫ്റ്റ് ആക്ട് ഇപ്പോൾ ചുമത്തില്ലെന്ന് വലിയതുറ പൊലീസ് വ്യക്തമാക്കി. ഈ കേസിൽ പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൊഴി ഈ ആഴ്ച രേഖപ്പെടുത്തും. ഇതിന് ശേഷം ജയരാജനെയും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവരേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ വധശ്രമം, മനഃപൂർവമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസുകളുടെ അടിസ്ഥാനത്തിലാകും അന്വേഷണമെന്നും കുറ്റകൃത്യം തെളിഞ്ഞാൽ മാത്രം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ എയർക്രാഫ്റ്റ് ആക്ട് ചുമത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam