'ഇനി സര്‍വ്വീസില്‍ വേണ്ട'; പീഡനക്കേസിലെ അധ്യാപകനെ പുറത്താക്കണമെന്ന് പൊലീസ്, റിപ്പോര്‍ട്ട് നല്‍കും

By Web TeamFirst Published Jul 31, 2021, 11:09 PM IST
Highlights

കട്ടിപ്പാറയിലെ മനീഷിനെതിരെ നിലവിൽ അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കുയും മോശമായി പെരുമാറുകയും ചെയ്ത കായികാധ്യാപകന് എതിരെ കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. 

കോഴിക്കോട്: കട്ടിപ്പാറയിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കായികാധ്യാപകനെ സർവ്വീസിൽ നിന്ന് നീക്കണമെന്ന ശുപാർശയുമായി പൊലീസ്. ഇത്തരം സ്വഭാവമുളളവർ അധ്യാപകവൃത്തിക്ക് ഉചിതരല്ലെന്ന് കാണിച്ച് പൊലീസ് വിദ്യാഭ്യാസ വകുപ്പിനുൾപ്പടെ റിപ്പോർട്ട് നൽകും. കട്ടിപ്പാറയിലെ മനീഷിനെതിരെ നിലവിൽ അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കുയും മോശമായി പെരുമാറുകയും ചെയ്ത കായികാധ്യാപകന് എതിരെ കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. 

നിലവിൽ ഇയാൾക്കെതിരെ പോക്സോ പ്രകാരം രണ്ട് കേസുകളും സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ട് കേസുകളും ദേഹോപദ്രവം നടത്തിയതിന് ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി പെൺകുട്ടികളോട് ഇയാൾ ഫോൺവഴി മോശമായി പെരുമാറിയിട്ടുമുണ്ട്. ഇയാളിൽ നിന്ന് മോശം അനുഭവം നേരിട്ടത് വിദ്യാർത്ഥിനിയും മാതാവും ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയതിന് പുറകേയാണ് പരാതിയുമായി കൂടുതൽ പേർ പൊലീസിന് മുന്നിലെത്തിയത്. 

ഈ സാഹചര്യത്തിലാണ് അധ്യാപകനെ സർവ്വീസിൽ നിന്ന് നീക്കണം ചെയ്യണമെന്ന ശുപാർശ പൊലീസ് സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. അധ്യാപർക്ക് ഒരിക്കലുമുണ്ടാവാൻ പാടില്ലാത്ത വിധം സ്വഭാവ വൈകല്യങ്ങളുളള ആളാണ് മനീഷെന്നാണ് താമരശ്ശേരി പൊലീസിന്‍റെ വിലയിരുത്തൽ. നിലവിൽ ഒരു കേസിൽ മാത്രമാണ് മനീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുളള നാല് കേസുകളിൽ കൂടി അടുത്ത ദിവസം തന്നെ കോടതി അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്നാവും ഇയാളെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യാനുളള ശുപാർശ വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ സമർപ്പിക്കുക. പരാതികളുയർന്ന സാഹചര്യത്തിൽ സ്കൂൾ മാനേജ്മെന്‍റ് മനീഷിനെ സസ്പെന്‍റ് ചെയ്തിരുന്നു.

click me!