
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിൽ അന്വേഷണം അവസാനിപ്പിച്ചു. യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2016 നവംബര്‍ 16 ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് അനിൽ അക്കര എംഎൽഎക്ക് കേസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ് മറുപടി നൽകിയത്.
സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി. രണ്ടു വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്നും പൊലീസ് അന്ന് കേസ് മുക്കിയെന്നും 2016 നവംബർ ഒന്നിന് യുവതി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചത് വൻ വിവാദമായിരുന്നു. ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പീഡനവിവരം പുറത്ത് വന്നതും.
സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ആയിരുന്ന ജയന്തൻ അടക്കം നാല് പേര്‍ക്കെതിരെ ആയിരുന്നു അന്വേഷണം. പീഡനം നടന്ന സ്ഥലമോ മറ്റ് തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു പൊലീസ് നിലപാട്. പ്രതിചേര്‍ക്കപ്പെട്ടവരുടെ നുണപരിശോധന അടക്കം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ അന്വേഷണം അവസാനിപ്പിക്കുന്നത്.
മതിയായ രേഖകളില്ലാതെ കടം നൽകിയ മൂന്നര ലക്ഷം രൂപ തിരിച്ച് കിട്ടാത്തതിന്‍റെ വിരോധവും ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിന്‍റെ വിരോധവും കാരണമാണ് യുവതി വ്യാജ പരാതി നൽകിയതെന്നാണ് പൊലീസ് കണ്ടെത്തൽ. അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് പൊലീസ് നിലപാടെടുത്തതോടെ ഇനി കോടതി ഇക്കാര്യത്തിൽ എന്ത് പറയുമെന്നാണ് അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam