അഞ്ജുശ്രീ പാർവ്വതിയുടെ മരണം: അന്വേഷണം വേഗത്തിലാക്കി പൊലീസ്, മൊബൈൽ ഫോണ്‍ കസ്റ്റഡിയിലെടുത്തു

Published : Jan 09, 2023, 07:42 AM IST
അഞ്ജുശ്രീ പാർവ്വതിയുടെ മരണം: അന്വേഷണം വേഗത്തിലാക്കി പൊലീസ്, മൊബൈൽ ഫോണ്‍ കസ്റ്റഡിയിലെടുത്തു

Synopsis

ഇന്നലെ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെൺകുട്ടി ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അടക്കം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ കെമിക്കൽ അനാലിസിസ് പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം.

കാസർകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവ്വതി മരിച്ചത് ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ചതോടെ കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്. വിഷം ഉള്ളിൽ ചെന്നാണ് പെൺകുട്ടിയുടെ മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷം എങ്ങനെ ഉള്ളിൽ ചെന്നു, എന്താണ് കാരണം തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. 

ഇന്നലെ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെൺകുട്ടി ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അടക്കം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ കെമിക്കൽ അനാലിസിസ് പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. ഈ ഫലം വന്നതിന് ശേഷം കുടൂതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്. 

പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജില ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ചത്. 

ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

കാസർകോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങൾ നേരത്തെ രാസപരിശോധന നടത്താൻ അയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് ആന്തരിക അവയവങ്ങൾ അയക്കും. മരണകാരണത്തിൽ വ്യക്തത വരുത്താനാണ് രാസപരിശോധന നടത്തുന്നത്. 

കാസർകോട് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. അടുത്ത ദിവസ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. 

അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ച കൂട്ടുകാർക്കും ആദ്യദിവസം സമാനമായ രീതിയിൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവർക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ അൽ റൊമാൻസിയ ഹോട്ടലിൻ്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. അഞ്ജുശ്രീയുടെ മരണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എംവി രാംദാസ് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ്ഫക്ഷൻ സിൻഡ്രോം മൂലമാണ് മരണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം