പൊലീസ് സ്റ്റേഷൻ ചുമതല സിഐമാർക്ക് നൽകിയ തീരുമാനം പുന:പരിശോധിക്കുന്നു, ഐജിമാർ പഠനം നടത്തും

By Web TeamFirst Published Sep 18, 2021, 7:04 AM IST
Highlights

കേസുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്റ്റേഷനുകളെ എ, ബി, സി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. കേസുകള്‍ കുറഞ്ഞ സ്റ്റേഷനുകളാണ് സി കാറ്റഗറിയിലുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാർക്ക് നൽകിയ തീരുമാനം പുന:പരിശോധിക്കാൻ നീക്കം. കേസുകള്‍ കുറഞ്ഞ സ്റ്റേഷനുകളുടെ ചുമതല സിഐമാരിൽ നിന്നും എസ്ഐമാരിലേക്ക് മാറ്റാണ് ആലോചന. ഉത്തര-ദക്ഷിണ മേഖല ഐജിമാരോട് പഠനം നടത്താൻ ഡിജിപി ചുമതലപ്പെടുത്തി.

സംസ്ഥാന പൊലീസ് ഘടനയിലെ ഒന്നാം പിണറായി സർക്കാരിന്റെ പ്രധാന മാറ്റമായിരുന്നു സ്റ്റേഷനുകളുടെ ഭരണ ചുമതല എസ്ഐയിൽ നിന്നും സിഐലേക്ക് മാറ്റിയത്.  സിഐമാരുടെ സ്ഥാനപ്പേര് സ്റ്റേഷൻ ഇൻസ്പെക്ടറെന്ന് മാറ്റുകയും ചെയ്തു. 2018ൽ തുടങ്ങിയ പരിഷ്ക്കാരം 2020 ൽ പൂർത്തിയായി. ഇന്ന്  468 സ്റ്റേഷനുകളുടെ ഭരണം ഇൻസ്പെക്ടർമാർക്കാണ്. 

ഇക്കാര്യത്തിൽ പുനപരിശോധന വേണമെന്ന് എഡിജിപിമാരുടെ യോഗത്തിൽ ചർച്ചയായി. കേസുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്റ്റേഷനുകളെ എ, ബി, സി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. കേസുകള്‍ കുറഞ്ഞ സ്റ്റേഷനുകളാണ് സി കാറ്റഗറിയിലുള്ളത്. ഈ സ്റ്റേഷനുകളിലെങ്കിലും സിഐക്ക് പകരം എസ്ഐമാർ മതിയെന്നാണ് ആലോചന. 

സി കാറ്റഗറിയിൽ മാത്രം സംസ്ഥാനത്ത് നൂറിലധികം സ്റ്റേഷനുകളുണ്ടെന്നാണ് നിഗമനം. ഈ സ്റ്റേഷനിലിരിക്കുന്ന സിഐമാരെ ക്രൈം ബ്രാഞ്ചിലും ജില്ലാ ക്രൈം ബ്രാഞ്ചിലും ഉപയോഗിക്കാനാണ് തീരുമാനം. ഉദ്യോഗസ്ഥരില്ലാത്തിനാൽ അന്വേഷണം വൈകുന്ന സാഹചര്യത്തിലാണ് പുനർനിയമനം ആലോചിക്കുന്നത്. ഉത്തര-ദക്ഷിണ മേഖല ഐജിമാരോട് പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അതേ സമയം ഐടി നിയമ പ്രകാരമെടുക്കുന്ന കേസുകള്‍ ഉൾപ്പെടെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കേണ്ട കേസുകളുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!