ലഹരിക്കേസ് പ്രതിയ്ക്കെതിരെ പൊലീസ് നടപടി, സ്വത്ത് കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Published : Mar 29, 2025, 11:41 AM ISTUpdated : Mar 29, 2025, 11:49 AM IST
ലഹരിക്കേസ് പ്രതിയ്ക്കെതിരെ പൊലീസ് നടപടി, സ്വത്ത് കണ്ടുകെട്ടി, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Synopsis

മലപ്പുറം സ്വദേശി കണ്ണനാരി പറമ്പിൽ സിറാജിന്‍റെ സ്വത്ത് ആണ് കണ്ടുകെട്ടിയത്. ഫെബ്രുവരി 16ന് 778 ഗ്രാം എംഡിഎംഎയുമായി സിറാജ് പിടിയിലായിരുന്നു.

കോഴിക്കോട്: ലഹരിക്കേസ് പ്രതിയുടെ സ്വത്ത് പൊലീസ് കണ്ടുകെട്ടി. മലപ്പുറം സ്വദേശി കണ്ണനാരി പറമ്പിൽ സിറാജിന്‍റെ സ്വത്ത് ആണ് കണ്ടുകെട്ടിയത്. ലഹരി വിറ്റ് നേടിയ സ്വത്ത് കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. കോഴിക്കോട് ടൗൺ പൊലീസ് ആണ് നടപടിയെടുത്തത്.

മലപ്പുറത്ത് പ്രതിയുടെ പേരിലുള്ള 4.5 സെന്‍റ് സ്ഥലം, പ്രതിയുടെ പേരിലുള്ള സ്‌കൂട്ടർ എന്നിവയാണ് കണ്ടുകെട്ടിയത്. ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA)ഉത്തരവ് പ്രകാരമാണ് കണ്ടുകെട്ടൽ. ഫെബ്രുവരി 16ന് 778 ഗ്രാം എംഡിഎംഎയുമായി സിറാജ് പിടിയിലായിരുന്നു. ഈ കേസിലാണ് പൊലീസിന്‍റെ സ്വത്ത് കണ്ടുകെട്ടൽ നടപടി.

കോഴിക്കോട് റെയിൽവെ സ്റ്റേഷൻ ആനിഹാൾ റോഡിൽ നിന്നും ടൗൺ പൊലീസും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് 778 ഗ്രാം എംഡിഎംഎയുമായി സിറാജ് പിടിയിലാകുന്നത്. 
പ്രതിയുടെ പേരിലുള്ള മലപ്പുറം ജില്ലയിലെ ചെറുകാവിലുള്ള പ്രതിയും കുടുംബവും താമസിക്കുന്ന വീട് ഉൾപ്പെടെയുള്ള 4.5 സെന്‍റ് സ്ഥലവും പ്രതിയുടെ പേരിലുള്ള KL-11-BR-5623 ഏപ്രില സ്കൂട്ടറുമാണ് ടൗൺ പൊലീസ് കണ്ടു കെട്ടിയത്. കൂടാതെ കോഴിക്കോട് ആക്സിസ് ബാങ്കിന്‍റെ മലാപ്പറമ്പ് ശാഖയിൽ പ്രതിയുടെ പേരിലുള്ള അക്കൌണ്ടിലെ 15,085.72 രൂപയും പ്രതിയുടെ ഉമ്മയുടെ അക്കൗണ്ടിലെ 33,935.53 രൂപയും ഉൾപ്പെടുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. 

മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ഡ്രസ് മെറ്റീരിയുകൾ കൊണ്ടുവന്ന് വിവിധ കടകളിൽ വിൽക്കുന്നതിന്‍റെ മറവിലാണ് സിറാജ് എം.ഡി.എം.എ കേരളത്തിലേയ്ക്ക് കടത്തുന്നത്.  യുവാക്കൾക്കിടയിൽ മയക്കുമരുന്ന് മൊത്തമായും ചില്ലറയായും വിൽപന നടത്തി വലിയതോതിൽ സാമ്പത്തിക ലാഭം നേടുകയായിരുന്നു പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിൽ പ്രതി പലതവണ കോഴിക്കോട്ടേക്ക് എം.ഡി.എം.എ കടത്തിയതായി സമ്മതിക്കുകയും ചെയ്തു. 2020 ൽ ഹിമാചൽ പ്രദേശിലെ ബോന്തർ പൊലീസ് സ്റ്റേഷനിൽ എൽ.എസ്.ഡി , എം.ഡി.എം.എ, മയക്കു ഗുളികൾ എന്നിവയുമായി അറസ്റ്റിലായ പ്രതി 10 മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലായിരിക്കുമ്പോൾ പ്രതി വീണ്ടം  മയക്കുമരുന്ന് കടത്തിൽ സജീവമാകുന്നതിനിടയിലാണ് കോഴിക്കോട് വെച്ച് എംഡിഎംഎയുമായി പിടിയിലാവുന്നത്.

പ്രതിയുടെയും പിതാവിന്‍റെയും മാതാവിന്‍റെയും പേരിൽ വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത ഭവനവായ്പ പ്രതി ചുരുങ്ങിയ കാലയളവിനുള്ളിൽ തിരിച്ചടച്ചു. ഇതൊടൊപ്പം പ്രതിയുടെ മാതാവിന്‍റെ അക്കൗണ്ടിലൂടെയാണ് പല ഇടപാടും നടത്തിയിരുന്നത്. ആഡംബര ജീവിതം നയിച്ചത് ലഹരി ഇടപാടിലൂടെയുള്ള പണം ഉപയോഗിച്ചാണെന്നും പൊലീസ് പറഞ്ഞു. ഡൽഹി, ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് പ്രതിയെന്നും കണ്ടെത്തി.

എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത് . ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് പ്രതിയുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എടുക്കുന്നതിനായി ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് (സഫേമ ) ബന്ധപ്പെട്ട രേഖകൾ അയച്ചത്. നിലവിൽ പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനം കൂടാതെ ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തു വകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും  പോലീസ് സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടുത്ത് സംഘങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും, അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്. മയക്കുമരുന്ന് വിൽപ്പനക്കാരെ സഹായിക്കുന്നവരെയും നിയമം കൊണ്ട് പൂട്ടാനാണ് പൊലീസിനെ നീക്കം. 

ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് കോഴിക്കോട് ജില്ലാ പൊലീസ് സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവടത്തിലെ മുഴുവൻ ആളുകളെയും പിടികൂടുന്നതിനുള്ള തുടർനടപടികൾ മറ്റു സംസ്ഥാനങ്ങളിലെ വിവിധ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണെന്ന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ.കെ.പവിത്രൻ അറിയിച്ചു.

അമ്മയോട് മകന്‍റെ ക്രൂരത; മദ്യലഹരിയിൽ വടികൊണ്ട് തല്ലിച്ചതച്ചു, ആക്രമിച്ചത് സഹോദരനെ കൊന്ന കേസിലെ പ്രതി


 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ