ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല

By Web TeamFirst Published Jul 23, 2019, 12:12 PM IST
Highlights

ഒരു കെട്ട് ഉത്തരക്കടലാസുകള്‍ പ്രണവ് എന്ന വിദ്യാര്‍ത്ഥിക്ക് നല്‍കിയതാണെന്നും മറ്റുള്ളവ ശിവരഞ്ജിത്തിന് നല്‍കിയതാണെന്നും കോളേജ്  അധികൃതര്‍ പൊലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ മുഖ്യപ്രതിയായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. നാല് കെട്ട് ഉത്തരക്കടലാസുകളാണ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് പിടികൂടിയത്. 

ഒരു കെട്ട് ഉത്തരക്കടലാസുകള്‍ പ്രണവ് എന്ന വിദ്യാര്‍ത്ഥിക്ക് നല്‍കിയതാണെന്നും മറ്റുള്ളവ ശിവരഞ്ജിത്തിന് നല്‍കിയതാണെന്നും കോളേജ്  അധികൃതര്‍ പൊലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയാണ് പ്രണവ്. അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ റൂമില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളെക്കുറിച്ച് സര്‍വ്വകലാശാല മൗനം പാലിക്കുകയാണ്. 

ഉത്തരക്കടലാസ് ചോര്‍ച്ചയെക്കുറിച്ച് വിശദമായി അന്വേഷിക്കാനായി കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി കൂടിയായ ശിവരഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന കന്‍റോണ്‍മെന്‍റ് പൊലീസ് ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. ഉത്തരക്കടലാസ് ചോര്‍ച്ചയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും ക്രൈംബ്രാഞ്ചിന് അന്വേഷണം വിട്ടു കൊണ്ടുള്ള ഉത്തരവ് വന്നിട്ടില്ല. സംഭവത്തില്‍ സര്‍വകലാശാല രജിസ്ട്രാറും ഇതുവരെ പരാതി നല്‍കിയിട്ടില്ല. 

click me!