വ്യാജരേഖാ കേസ്: ബിഷപ്പ് ജേക്കബ് മനത്തോടത്തിന്‍റെ മൊഴിയെടുത്തു

By Web TeamFirst Published May 8, 2019, 11:18 PM IST
Highlights

വ്യാജരേഖാ കേസിലെ രണ്ടാം പ്രതിയാണ് എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്. ബിഷപ്പ് ഹൗസിൽ എത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായി വ്യാജ ബാങ്ക് രേഖ നിർമ്മിച്ച കേസിൽ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്‍റെ മൊഴിയെടുത്തു. വ്യാജരേഖാ കേസിലെ രണ്ടാം പ്രതിയാണ് എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്. ബിഷപ്പ് ഹൗസിൽ എത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘം ഡിവൈഎസ്പി പിയുടെ നേതൃത്വത്തിൽ ആയിരുന്നു മൊഴിയെടുപ്പ്.

ഫാദർ പോൾ തേലക്കാട് കൈമാറിയ വ്യാജ രേഖ സിനഡിന് മുൻപിൽ പരിശോധനക്കായി വെച്ചത് ബിഷപ്പ് ജേക്കബ് മനത്തോടത്ത് ആയിരുന്നു. സിനഡിന്‍റെ നിർദ്ദേശപ്രകാരം ഫാദർ ജോബി മാപ്രകാവിൽ നൽകിയ പരാതിയിൽ പൊലീസ് ബിഷപ്പിനെ രണ്ടാം പ്രതിയാക്കി ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

ഇതിനിടെ, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഒന്നാം പ്രതി ഫാദർ പോൾ തേലക്കാട്ട് എന്നിവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി അംഗീകരിച്ചിരുന്നില്ല. അന്വേഷണത്തിന് പേരിൽ ഇരുവരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന നിർദ്ദേശമാണ് കോടതി നൽകിയിട്ടുള്ളത്.

വ്യാജരേഖ നിർമ്മാണത്തെക്കുറിച്ച് തനിക്ക് അറിവൊന്നും ഇല്ലെന്നും ഫാദർ പോൾ തേലക്കാട്ട് പരിശോധനക്കായി നൽകിയ രേഖ സിനഡിന് മുൻപാകെ ഹാജരാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ബിഷപ്പ് മൊഴി നൽകിയതായാണ് സൂചന. കേസിൽ പോൾ തേലക്കാട്ട് അടക്കമുള്ളവരുടെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

click me!