
കണ്ണൂർ : തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ സംഭവത്തിലെ പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടന്നതായി ആരോപണം. പൊലീസ് ഇടപെട്ട് പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടത്തിയെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരോപണം. തലശ്ശേരിയിൽ നടന്നത് ക്രിമിനലിനെ സംരക്ഷിക്കുന്ന നിലപാടാണ്. പ്രതിയെ രക്ഷിക്കാൻ സിപിഎം ഓഫീസിൽ നിന്നും വിളിച്ചു. നട്ടെല്ലില്ലാത്ത പൊലീസാണ് സംസ്ഥാനത്തുളളതെന്നും പൊലീസിന് സിപിഎമ്മിനെ പേടിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കുട്ടിക്ക് ചവിട്ടേറ്റ സംഭവത്തെ കുറിച്ചുള്ള വിവരം തിരക്കിയതിൽ ക്ഷുഭിതനായ കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനെ, സുധാകരൻ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ഞാനല്ലല്ലോ ചവിട്ടിയത് എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ സ്പീക്കർ രോഷത്തോടെ പ്രതികരിച്ചത്. സംഭവത്തിടുള്ള ഷംസീറിന്റെ പ്രതികരണം സംസ്ക്കാരം ഇല്ലായ്മയാണെന്നും ബുദ്ധിയുള്ള ആരും ഷംസീറിനെ പോലെ സംസാരിക്കില്ലെന്നും സുധാകരൻ പറഞ്ഞു. "സ്പീക്കർ ആണത്രേ സ്പീക്കർ" ഇങ്ങനെ പോയാൽ നാടിന്റെ ഭാവി ദുരന്ത പൂർണമാകുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
ആറ് വയസുകാരന് നേരെ ആക്രമണം: കണ്ണൂര്‍ കളക്ടര്‍ക്കും എസ്പിക്കും ദേശീയ ബാലാവകാശ കമ്മീഷന്‍റെ നോട്ടീസ്
ഇന്നലെ വൈകീട്ടാണ് തന്റെ കാറിൽ ചവിട്ടിയെന്ന കാരണത്താൽ രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ കുഞ്ഞിനെ മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ 20കാരൻ ചവിട്ടിത്തെറിപ്പിച്ചത്. സംഭവം നേരിൽ കണ്ട ചിലർ മുഹമ്മദ് ഷിനാദിനെ തടയുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസാകട്ടെ കാർ കസ്റ്റഡിയിൽ വെച്ച ശേഷം മുഹമ്മദ് ഷിനാദിനെ വിട്ടയച്ചു. ഇന്നലെ രാത്രി സംഭവത്തെ കുറിച്ച് അറിയാൻ പൊലീസ് സ്റ്റേഷനിൽ ഏഷ്യാനെറ്റ് ന്യൂസ് ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇന്ന് രാവിലെ എട്ട് മണിക്ക് ഹാജരാകണം എന്ന് പറഞ്ഞ് ശിഹ്ഷാദിനെ പൊലീസ് വിട്ടയച്ചുവെന്ന് പിന്നീടാണ് അറിഞ്ഞത്. രാവിലെ ദൃശ്യങ്ങൾ സഹിതം ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടതോടെയാണ് പൊലീസ് മുഹമ്മദ് ഷിനാദിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ വധശ്രമ കുറ്റം അടക്കം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.