'സെബിന്‍ ദളിത് ആണെന്ന് അറിഞ്ഞില്ല'; എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍സി,എസ്‍ടി വകുപ്പ് ചുമത്താതെ പൊലീസ്

By Web TeamFirst Published Aug 9, 2021, 11:07 AM IST
Highlights

സെബിനെ കേസില്‍ കുടുക്കാനും എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. മർദ്ദിച്ചെന്ന് കള്ളപ്പരാതിയുണ്ടാക്കി ഉദ്യോഗസ്ഥർ പൊലീസില്‍ പരാതി നൽകി.

കണ്ണൂര്‍: കണ്ണൂരില്‍ എസ്‍സി പ്രമോട്ടര്‍ സെബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ പൊലീസിന്‍റെ ഒത്തുകളി. ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍സി എസ്‍ടി അതിക്രമ നിയമം ചുമത്തിയില്ല. സെബിൻ എസ്‍സി ആണെന്ന് അറിയില്ലായിരുന്നു എന്നാണ് പൊലീസിന്റെ വിചിത്ര വാദം. സെബിനെ കേസില്‍ കുടുക്കാനും എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. മർദ്ദിച്ചെന്ന് കള്ളപ്പരാതിയുണ്ടാക്കി ഉദ്യോഗസ്ഥർ പൊലീസില്‍ പരാതി നൽകി. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് കാട്ടി യുവാവിനെതിരെ കേസെടുത്തു. കണ്ണൂർ ചാവശ്ശേരിയിൽ  ലഹരി മരുന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘമാണ് എസ്‍സി പ്രമോട്ടറായ സെബിനെ മര്‍ദ്ദിച്ചത്. 

ഓഗസ്റ്റ് മൂന്നിന് വൈകിട്ട് ചാവശ്ശേരി പറമ്പിലെ കവലയിലൂടെ ഓട്ടോയിൽ വരുമ്പോഴാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് കടത്തുന്ന സംഘമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ എക്സൈസ് സംഘം സെബിൻ സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിർത്തി. ലഹരി വസ്തുക്കളൊന്നും വണ്ടിയിലുണ്ടായിരുന്നില്ല. എന്നിട്ടും മട്ടന്നൂർ റേഞ്ചിലെ ഉദ്യോസ്ഥരാരയ ബഷീർ, ബെൻഹർ എന്നിവർ സെബിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിൻകഴുത്തിനും കാലുകൾക്കും ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!