മാധ്യമപ്രവർത്തകൻ മരിച്ച സംഭവം: പൊലീസിന്റെ ഭാ​ഗത്തു നിന്നുണ്ടായത് ​ഗുരുതര വീഴ്ച

By Web TeamFirst Published Aug 3, 2019, 9:30 AM IST
Highlights

ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ രേഖപ്പെടുത്തിയിരുന്നുവെങ്കിലും രക്തസാമ്പിൾ പരിശോധനക്ക് പൊലീസ് തയ്യാറായില്ല.

തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കെ മുഹമ്മദ് ബഷീര്‍  കൊല്ലപ്പെട്ട സംഭവത്തിൽ  പൊലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായത് ​ഗുരുതര വീഴ്ച. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ രേഖപ്പെടുത്തിയിരുന്നുവെങ്കിലും രക്തസാമ്പിൾ പരിശോധിക്കുന്നതിന് പൊലീസ് തയ്യാറായില്ല.

മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ ശ്രീറാമിനോട് ആവശ്യപ്പെട്ടുവെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. സുഹൃത്താണ് വാഹനമോടിച്ചതെന്ന ശ്രീറാമിന്റെ മൊഴി പൊലീസ് വിശ്വസിച്ചു പക്ഷെ കസ്റ്റഡിയിലുള്ള വഫയുടെ മെഡിക്കൽ പരിശോധന നടത്തിയില്ല. പൊലീസ് തന്നെ യുവതിയെ വിട്ടയക്കുകയും ചെയ്തു.

കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോ​ഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്. അപകടം നടക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരായ ഷഫീക്ക്, മണികുട്ടൻ എന്നിവർ വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന്  നൽകിയിരുന്നു.

click me!