ദേവനന്ദയുടെ മരണം: അച്ഛന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും, വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കും

By Web TeamFirst Published Feb 29, 2020, 6:35 AM IST
Highlights

പ്രാഥമിക പോസ്‍റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ദുരൂഹതകളുടെ സൂചനകൾ ഒന്നും തന്നെ ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. 

കൊല്ലം: ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തിൽ കുട്ടി താമസിച്ചിരുന്ന വീടിന് സമീപത്തുള്ള കൂടുതൽ പേരുടെ മൊഴി എടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. എന്ന് മൊഴികൾ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പൊലീസിന് ആലോചന ഉണ്ട്. പെൺകുട്ടിയുടെ അച്ഛന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. പ്രാഥമിക പോസ്‍റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ദുരൂഹതകളുടെ സൂചനകൾ ഒന്നും തന്നെ ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകീട്ടാണ് സംസ്‍കരിച്ചത്.

വ്യാഴാഴ്‍ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ദേവനന്ദ വ്യാഴാഴ്‍ചയ്ക്ക് ഉച്ചയ്ക്ക് മുൻപ് മരിച്ചതായി പോസ്‍റ്റുമോര്‍ട്ടത്തിലെ നിർണ്ണായക കണ്ടെത്തൽ. കുട്ടിയെ കാണാതായ ശേഷം ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് കണ്ടെത്തൽ. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ല. 

click me!