ക്രിമിനൽ കേസ് പ്രതികളായ പൊലിസുകാരെ പിരിച്ചുവിടും,മൂന്നംഗ സമിതിയെ നിയോഗിച്ചു,പ്രാഥമിക പട്ടികയിൽ 85പേർ

By Web TeamFirst Published Nov 23, 2022, 6:57 AM IST
Highlights

ബലാത്സം​ഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും നിരവധിക്കേസിൽ അന്വേഷണം നേരിടുന്നതുമായി പൊലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും

 

തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി. പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടിയിൽ സൂക്ഷമ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.

 

ബേപ്പൂർ കോസ്റ്റൽ പോലീസ് മുൻ ഇൻസ്പെക്ടർ പി.ആർ.സുനു ബലാത്സം​ഗ കേസിൽ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങള്‍ ഉയർന്നത്. ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവര്‍ മുതൽ വകുപ്പ് തല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നവര്‍ വരെ പൊലീസിൽ പതിവാണ്. ഇതൊഴിവാക്കാൻ സിഐ മുതൽ എസ്പിമാർ വരെയുള്ളവരുടെ സർവീസ് ചിരിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും. ബലാത്സം​ഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും നിരവധിക്കേസിൽ അന്വേഷണം നേരിടുന്നതുമായി പൊലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും.

ഇടുക്കിയിൽ മാങ്ങ മോഷ്ടിച്ച പൊലീസുകാരനേയും എറണാകുളം റൂറലിൽ സ്വർണം മോഷ്ടിച്ച പൊലീസുകാരനേയും പിരിച്ചുവിടാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി തുടങ്ങി.പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താനും നടപടി എടുക്കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നത് ആദ്യമല്ല. വിവാദങ്ങളും സമ്മര്‍ദങ്ങളും നിയമക്കുരുക്കും ചൂണ്ടിക്കാട്ടി ഓരോ തവണയും പിൻമാറും. പുതിയ നീക്കം പ്രഹസനമാകുമോ അതോ പഴുതടച്ച് സേനയിലെ ശുദ്ധീകരണം ഇത്തവണയെങ്കിലും നടപ്പാകുമോ എന്നാണ് ഇനി അറിയേണ്ടത്

ലഹരി കടത്ത്:1681 പേരുടെ പട്ടിക തയാറാക്കി പൊലീസ്,ഏറ്റവും കൂടുതൽ കണ്ണൂരിൽ,162പേരെ കരുതൽ തടങ്കലിലാക്കാനും ശുപാർശ

click me!