
കോട്ടയം: തെളളകത്ത് പോളിയോ ബാധിതയായ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്ത് ഭര്‍ത്താവ് മുങ്ങി. എണ്‍പത് പവനിലേറെ സ്വര്‍ണവും നാല്‍പത് ലക്ഷത്തിലേറെ രൂപയും ഭര്‍ത്താവ് തട്ടിയെടുത്തെന്നാണ് നാഗര്‍കോവില്‍ സ്വദേശിയായ മുപ്പതുകാരിയുടെ പരാതി. പൊലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ല.
ചക്ര കസേരയിലാണ് രണ്ടു വയസു മുതല്‍ ലിറ്റില്‍ ഷിയ എന്ന ഈ പെണ്‍കുട്ടിയുടെ ജീവിതം. നാഗര്‍കോവിലില്‍ നിന്ന് മുണ്ടക്കയത്തേക്ക് കുടിയേറി താമസമാക്കിയ കുടുംബത്തിലെ ഏക പെണ്‍തരി. ജന്‍മനാ പോളിയോ ബാധിതയായ ഷിയയെ പൊന്നുപോലെ നോക്കാമെന്ന് വാക്കു നല്‍കിയാണ് നാഗര്‍കോവില്‍ സ്വദേശിയായ ആന്‍ഡ്രൂ സ്പെന്‍സര്‍ 2015ല്‍ വിവാഹം കഴിച്ചത്.
വിവാഹം കഴിഞ്ഞതോടെ മാതാപിതാക്കള്‍ ഷിയയ്ക്ക് നല്‍കിയ പൊന്നിലും പണത്തിലും മാത്രമായി ആന്‍ഡ്രുവിന്‍റെ കണ്ണ്. കൊടുക്കുന്തോറും വീണ്ടും വീണ്ടും സ്വര്‍ണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ശാരീരിക ആക്രമണങ്ങളും പതിവായി. നിസഹായയായ തന്‍റെ മുന്നില്‍ വച്ച് മറ്റ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ഥിതി പോലും ഉണ്ടായെന്ന് ഷിയ പറയുന്നു. കൈയിലുണ്ടായിരുന്ന എണ്‍പത് പവനോളം സ്വര്‍ണവും നാല്‍പ്പത് ലക്ഷം രൂപയും തട്ടിയെടുത്ത ശേഷം ഈ വര്‍ഷം മെയ് മാസത്തിലാണ് ആന്‍ഡ്രൂ കോട്ടയം തെളളകത്തെ ഫ്ളാറ്റില്‍ ഷിയയെ ഉപേക്ഷിച്ച് ഷിയയുടെ കാറുമായി മുങ്ങിയത്
കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയ ഷിയ കോട്ടയം എസ്പിക്കു മുന്നില്‍ പോലും നേരിട്ടെത്തി സഹായം അഭ്യര്‍ഥിച്ചു. ഗാര്‍ഹിക പീഡനത്തിന് കേസെടുത്തതിനപ്പുറം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇപ്പോഴും തയാറായിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയ ശേഷവും ചില വനിതാ സുഹൃത്തുക്കള്‍ വഴി ആന്‍ഡ്രൂ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഷിയ പറയുന്നു. സഹോദരന്‍മാരും കുടുംബസുഹൃത്തുക്കളും ഉള്‍പ്പെടെയുളളവരുടെ സഹായത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഷിയയ്ക്ക് നീതിയ്ക്കായി ഇനി ഏതു വാതിലില്‍ മുട്ടണമെന്നറിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam