
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി പൂജപ്പുര പൊലീസ്. വ്യക്തി വിരോധം കൊണ്ടല്ല കേസ് കൊടുത്തത്. ഒരു ആശയത്തിനെതിരെയാണ് കേസ് കൊടുത്തതെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു. എല്ലാ അമ്പുകളും ഉമ്മൻ ചാണ്ടിക്ക് നേരെയാണ്. ആക്രമണം തുടർന്നപ്പോഴാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ഉമ്മൻ ചാണ്ടി കട്ടുമുടിച്ചു എന്ന രീതിയിലാണ് പോസ്റ്റുകൾ. എന്റെ പേരിൽ അദ്ദേഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്ന് തോന്നി. അദ്ദേഹത്തെ സംരക്ഷിക്കാൻ വേണ്ടി കൂടിയാണ് കേസ് കൊടുത്തതെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.
ഭർത്താവിന്റെ കുടുംബം വര്‍ഷങ്ങളായി ഗൾഫിൽ ബിസിനസ് ചെയ്യുകയാണ്. ഭർത്താവിന്റെ അച്ഛനാണ് ബിസിനസ് തുടങ്ങിയതെന്ന് പറഞ്ഞ അച്ചു ഉമ്മൻ, കമ്പനികളുടെ വിവരങ്ങൾ വിശദീകരിച്ചു. കെമിക്കൽ ട്രെഡിങ് കമ്പനികളാണ് ഭർത്താവിന്റെ കുടുംബത്തിനുള്ളത്. ഞങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം ഈ കമ്പനികളാണ്. ഭർത്താവിന്റെ കുടുംബത്തിന് കളങ്കം ഉണ്ടാവരുത്. ഈ കമ്പനികളുടെ കാര്യത്തിൽ ഏത് അന്വേഷണവും നടത്താമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് കേസ് കൊടുത്തതെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു. ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണം. ഞാനോ ഉമ്മൻ ചാണ്ടിയുടെ ആത്മാവോ മാപ്പ് തന്നേക്കാം. എന്നാൽ പുതുപ്പള്ളി മാപ്പ് തരില്ലെന്നും അച്ചു പറഞ്ഞു. ഏഴ് വർഷമായി സർക്കാർ മാറിയില്ലേ. ആരോപണങ്ങൾ അന്വേഷിക്കാമായിരുന്നല്ലോ എന്നും അച്ചു ഉമ്മന്‍ ചോദിച്ചു.
മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരായാണ് അച്ചു ഉമ്മന്റെ പരാതി. കേസെടുത്തതിന് പിന്നാലെ നന്ദകുമാർ തന്റെ ഫെയ്സ്ബുക് പ്രൊഫൈലിൽ തന്നെ ക്ഷമാപണം നടത്തി പോസ്റ്റിട്ടിരുന്നു. 'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു' - എന്നാണ് നന്ദകുമാർ ഫെയ്സ്ബുക്കിൽ പിന്നീട് എഴുതിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam