രാഷ്ട്രീയമായ കീഴ്വഴക്കങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങാത്ത പൂഞ്ഞാർ‌; പിസി ജോർജിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനാകുമോ?

Published : Mar 24, 2026, 06:25 PM IST
PC George And Sebastian Kulathunkal

Synopsis

വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകുന്ന പൂഞ്ഞാർ നിയമസഭ മണ്ഡലം നിർണായകമായ ഒരു പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ദീർഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച പിസി ജോർജ് ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി എത്തുമ്പോൾ, സിറ്റിംഗ് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും കോൺഗ്രസിന്റെ സജി ജേക്കബും ശക്തമായ വെല്ലുവിളി ഉയർത്തുന്നു. 

കുടിയേറ്റ ജനതയുടെ ആത്മവിശ്വാസവും പോരാട്ടവീര്യവും പ്രകടിപ്പിക്കുന്ന രാഷ്ട്രീയ സ്വഭാവം പുലർത്തുന്ന നിയമസഭ മണ്ഡലമാണ് പൂ‍ഞ്ഞാർ. രാഷ്ട്രീയമായ കീഴ്വഴക്കങ്ങൾക്ക് അത്ര പെട്ടെന്ന് വഴങ്ങിക്കൊടുക്കാറില്ല പൂഞ്ഞാർ. പാർട്ടി അച്ചടക്കത്തേക്കാൾ ഉപരി വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകുന്ന മണ്ഡലമാണിത്. രാഷ്ട്രീയമായ മെരുക്കലുകളെ പ്രതിരോധിക്കുന്ന ഈ മണ്ഡലം, പലപ്പോഴും അപ്രതീക്ഷിതമായ വിധികളും കടുത്ത പോരാട്ടങ്ങളും സമ്മാനിച്ചിട്ടുണ്ട്.

ഈഴവ സമുദായം മണ്ഡലത്തിലെ നിർണ്ണായകമായ ഒരു രാഷ്ട്രീയ ശക്തിയാണ്. ഗ്രാമീണ മേഖലകളിലും പ്ലാന്റേഷൻ ലേബർ കോളനികളിലും സജീവമായ ഇവർ എസ്എൻഡിപി ശൃംഖലകളിലൂടെ സംഘടിതരാണ്. ഈരാറ്റുപേട്ടയും പരിസര പ്രദേശങ്ങളും മുസ്ലീം വിഭാ​ഗത്തിന് നല്ല സ്വാധീനമുളള മണ്ഡലമാണ്. പാരമ്പര്യമായി യുഡിഎഫിനെ പിന്തുണയ്ക്കുന്നവരാണ് ഇവർ. സമീപകാലത്തെ രാഷ്ട്രീയ ധ്രുവീകരണങ്ങളും പ്രകോപനപരമായ പ്രസംഗങ്ങളും ഇവരുടെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വേണമെങ്കിൽ‌ കരുതാം. പട്ടികജാതി-പിന്നാക്ക വിഭാഗങ്ങൾ ആരോഗ്യ-ഭവന പദ്ധതികളിലൂടെ ഇടതുപക്ഷത്തോട് അടുക്കുന്നത് എൽഡിഎഫിന്റെ വോട്ട് വിഹിതം വർദ്ധിപ്പിക്കുന്നുണ്ട്.

പൂഞ്ഞാർ എന്ന് കേട്ടാൽ ആ​ദ്യം മനസിലേക്ക് ഓടി എത്തുക പിസി ജോർജ് എന്ന പേരാണ്. ദീർഘകാലം പിസി ജോർജ് എന്ന നേതാവിന്റെ വ്യക്തിപ്രഭാവത്തെ ചുറ്റിപറ്റിയായിരുന്നു പൂഞ്ഞാറിൻ്റെ രാഷ്ട്രീയം. മുന്നണികൾ മാറിമാറി വരികയും സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തിട്ടും ജനങ്ങളെ തന്നോടൊപ്പം നിർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കുടിയേറ്റ കർഷകരുടെ സംരക്ഷകൻ എന്ന പ്രതിച്ഛായ അദ്ദേഹം വളർത്തിയെടുത്തു. എന്നാൽ പിന്നീട് അദ്ദേഹം സ്വീകരിച്ച തീവ്ര നിലപാടുകളും പ്രകോപനപരമായ പ്രസംഗങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കുകയായിരുന്നു.

പൂഞ്ഞാർ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായം അവസാനിച്ച വർഷമായിരുന്നു 2021. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ പിസി ജോർജിനെ മലർത്തിയടിക്കുന്ന കാഴ്ചയാണ് കണ്ടത്. സെബാസ്റ്റ്യ കുളത്തുങ്കലിന് 58,668 വോട്ടുകളാണ് ലഭിച്ചിരുന്നത്. പിസി ജോർജിന് 41,851 വോട്ടുകളാണ് ലഭിച്ചത്. കേരള ജനപക്ഷത്തിനുവേണ്ടിയായിരുന്നു പിസി ജോർജ് കഴിഞ്ഞ തവണ രം​ഗത്ത് ഇറങ്ങിയത്. കോൺ​ഗ്രസിന് വേണ്ടി മത്സരിച്ച ടോമി കള്ളാനി 34,633 വോട്ടും നേടി. ബിഡിജെഎസ് സ്ഥാനാർഥി എംപി സെൻ 2,965 വോട്ടുകളായിരുന്നു നേടിത്.

2016ലെ നിയമസഭ തെര‍ഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി ആയിരുന്നു പിസി ജോർജ് മത്സര രം​ഗത്ത് ഇറങ്ങിയത്. 63,621 വോട്ടനുകളായിരുന്നു പിസി ജോർജിന് ലഭിച്ചിരുന്നത്. കേരൻ കോൺ​ഗ്രസ് (എം) സ്ഥാനാർഥി ജോർജ്കുട്ടി അ​ഗസ്റ്റിന് 35,800 വോട്ടുകൾ‌ നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. മൂന്നാമതെത്തിയത് ജനാധിപത്യ കേരള കോൺ​ഗ്രസ് സ്ഥാനാർഥി പിസി ജോസഫ് പൊന്നാട്ടാണ്. ബിഡിജെഎസിന് 19,966 വോട്ടും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന് നേടാൻ സാധിച്ചിരുന്നു.

ഇത്തവണ ബിജെപിക്കുവേണ്ടിയാണ് പിസി ജോർജ് കളത്തിലിറങ്ങുന്നത്. തൻ്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളിലായിരിക്കുമെന്ന് അദ്ദേഹം പ്രചാരണത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മറികടന്ന് രണ്ടാം സ്ഥാനത്തായിരുന്നു താൻ. ഇന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാനാകും. ഇരുപതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയാണ് കാണുന്നത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹം പറഞ്ഞത്.

പാരമ്പര്യമായി വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം പുലർത്തിയിരുന്ന പൂഞ്ഞാർ ഇപ്പോൾ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നതെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നിന്ന് തന്നെ വ്യക്തമായതാണ്. കർഷകർക്കിടയിൽ സ്വീകാര്യതയുള്ള, ഏത് സമയത്തും ലഭ്യമാകുന്ന നേതാക്കളെയാണ് അവർ ആഗ്രഹിക്കുന്നത്. വർഗ്ഗീയ ധ്രുവീകരണത്തിനും വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തിനും എതിരായ ഒരു വിധിയായിട്ടാണ് 2021ലെ പിസി ജോർജിൻ്റെ പരാജയത്തെ വിലയിരുത്തുന്നത്. ക്ഷേമപദ്ധതികളും കാർഷിക പ്രതിസന്ധിയിലെ ഇടപെടലുകളുമായിരുന്നു 2021ൽ ഇടതുപക്ഷ വിജയത്തിന് അടിത്തറ പാകിയത്. ഇപ്രാവശ്യം ശക്തമായ പ്രവചനാതീതമായ ശക്തമായ പോരാട്ടം തന്നെ പൂഞ്ഞാർ നിയമസഭ മണ്ഡലത്തിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്രാവശ്യം കോൺ​ഗ്രസിനുവേണ്ടി മത്സരരം​ഗത്തിറങ്ങുന്നത് സജി ജേക്കബാണ്. സിറ്റിങ് എംഎൽഎയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നെയാണ്. കേരള സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞുകൊണ്ടുതന്നെയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വോട്ട് ചോദിക്കുന്നത്. തൻ്റെ വ്യക്തി പ്രഭാവവും ബിജെപിയുടെ വോട്ടുമാണ് പിസി ജോർജ് ലക്ഷ്യം വെക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

11 വർഷത്തിന് ശേഷം ജയിലിന് പുറത്തേക്ക്, മാവോയിസ്റ്റ് രൂപേഷിന് ജാമ്യം; അറസ്റ്റിലായത് 2015 ൽ
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരൻ; ഡി സുരേന്ദ്രൻ നായർക്ക് പിന്നിൽ കോൺ​ഗ്രസെന്ന് ബിജെപി, തോൽവി ഭയന്നാണെന്ന് സുരേന്ദ്രൻ