സിപിഎം മന്ത്രിമാരുടെ പ്രസ്താവനകൾ പാർട്ടി തലപ്പത്ത് മോദിയാണോ എന്ന് തോന്നിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ. സഖാവിനെയും സംഘിയെയും തിരിച്ചറിയാൻ പറ്റാത്ത വിധം സിപിഎം 'സംഘാവ്' ആയി മാറിയെന്നും ഷാഫി വിമർശിച്ചു
കോഴിക്കോട്: സി പി എം പൊളിറ്റ് ബ്യൂറോയുടെ തലപ്പത്ത് നരേന്ദ്ര മോദിയാണെന്ന് തോന്നിക്കുന്ന വിധത്തിലാണ് പാർട്ടി മന്ത്രിമാരുടെയടക്കം പ്രസ്താവനകളെന്ന് ഷാഫി പറമ്പിൽ എം പിയുടെ പരിഹാസം. മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ പരിഹാസം. സജി ചെറിയാനെ തിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. വാക്കുകൾ സജി ചെറിയാന്റേതാണെങ്കിലും അതിന്റെ പിന്നിലെ ചിന്ത മുഖ്യമന്ത്രി പിണറായിയുടേതാണെന്ന് ഷാഫി ആരോപിച്ചു. എ കെ ബാലൻ മുൻപ് നടത്തിയ പരാമർശങ്ങളുടെ കാര്യത്തിലും സമാനമായ നിലപാടാണ് സി പി എമ്മും മുഖ്യമന്ത്രിയും സ്വീകരിച്ചത്. ബി ജെ പിയേക്കാൾ വർഗീയത ഇപ്പോൾ സി പി എം മന്ത്രിമാർ പറഞ്ഞുതുടങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി ജെ പിയെ ആകെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഇതെന്നും വർഗീയതയുടെ കാര്യത്തിൽ ഇനി എന്ത് ചെയ്യും എന്നാണ് ബി ജെ പി ചിന്തിക്കുന്നതെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. സഖാവിനെയും സംഘിയേയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധം 'സംഘാവ്' ആയി സി പി എം മാറിയിരിക്കുകയാണെന്നും ഷാഫി വിമർശിച്ചു.
സ്വർണ്ണക്കൊള്ളയിലും പ്രതികരണം
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ യു ഡി എഫ് ഉന്നയിക്കുന്നത് ആരുടെയെങ്കിലും ഫോട്ടോകളുടെ അടിസ്ഥാനത്തിലല്ല. സോണിയ ഗാന്ധിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോകളെക്കുറിച്ച് കടകംപള്ളി സുരേന്ദ്രന് പോലും വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നും ഷാഫി ചൂണ്ടിക്കാട്ടി. അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി സർക്കാർ വർഗീയത ആയുധമാക്കി രക്ഷപ്പെടാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും വടകര എം പി പറഞ്ഞു. കെ പി എസ് ടി എ സംസ്ഥാന സമ്മേളനത്തിലായിരുന്നു കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൂടിയായ ഷാഫിയുടെ വിമർശനം.


