പോപ്പുലർ നിക്ഷേപ തട്ടിപ്പ്; അഞ്ചാം പ്രതി റിയ ആൻ തോമസ് കസ്റ്റഡിയിൽ

By Web TeamFirst Published Sep 17, 2020, 10:49 PM IST
Highlights

പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ. മലപ്പുറത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. 
 

തിരുവനന്തപുരം: പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ അഞ്ചാം പ്രതി  ആൻ തോമസിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കമ്പനി ഡയറക്ടറാണ് റിയ.  പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ. മലപ്പുറത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. 

റിയയുടെ മുൻകൂർ ജാമ്യാപേക്ഷ രാവിലെ തള്ളിയിരുന്നു. കാഞ്ഞങ്ങാടുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിലെ ഡോക്ടർ കൂടിയാണ് റിയ. 

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിട്ടുണ്ട്. ഒരൊറ്റ എഫ്ഐആർ മതിയെന്ന ഡിജിപിയുടെ സർക്കലുർ സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിനുളള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരിനോടും നിർദേശിച്ചു. പോപ്പുല‍ർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹ‍ർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണം സിബിഐ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചതായി സംസ്ഥാന സർക്കാ‍ർ അറിയിച്ചിരുന്നു.

കേന്ദ്ര സർക്കാർ കേസ് ഏറ്റെടുക്കുന്നെങ്കില്‍ അത് വേഗത്തിൽ വേണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. ഓരോ പരാതിയിലും പ്രത്യേകം എഫ്ഐആർ വേണം. എല്ലാ പരാതികൾക്കുമായി ഒരൊറ്റ എഫ്ഐആർ മതിയെന്ന കഴിഞ്ഞ മാസം 28ലെ ഡിജിപിയുടെ സർക്കുലറും സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു. സ്ഥാപനത്തിന്‍റെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടാൻ നിർദേശിച്ച കോടതി ശേഷിക്കുന്ന പണവും സ്വർണവും സർക്കാർ നിയന്ത്രണത്തിലാക്കാനും നിർദേശിച്ചു. അതത് ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണം. തട്ടിപ്പിന് പിന്നിൽ വലിയ ഗൂഡാലോചന ഉണ്ടെന്നും വിവിധ രാജ്യങ്ങളിലേക്ക് പണവും സ്വത്തുക്കളും കടത്തിയതായും സർക്കാർ അറിയിച്ചിരുന്നു.
 

click me!