പോപ്പുലർ ഫിനാൻസ് ഉടമയുടെ മക്കളെ എസ്‍പി ഓഫീസിൽ എത്തിച്ചു; ചോദ്യം ചെയ്യും

By Web TeamFirst Published Aug 29, 2020, 8:41 PM IST
Highlights

റിനുവും റിയയും പിടിയിലായതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് അഞ്ചരയോടെ പത്തനംതിട്ട എസ്പി ഓഫീസിലെത്തി റോയി ഡാനിയേലും പ്രഭയും കീഴടങ്ങിയത്. രണ്ടാഴ്ചയായി ഇരുവരും ചങ്ങനാശ്ശേരിയിൽ ഒളിവിൽ ആയിരുന്നു.

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസില്‍ കീഴടങ്ങിയ സ്ഥാപന ഉടമ റോയ് ഡാനിയേലിന്‍റെയും ഭാര്യ പ്രഭ തോമസിന്‍റെയും മക്കള്‍  റിനു മറിയം , റിയ ആൻ എന്നിവരെ എസ് പി ഓഫിസിലെത്തിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ റിനുവിനെയും റിയയേയും കഴിഞ്ഞ ദിവസമാണ് ദില്ലി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. റിനുവും റിയയും പിടിയിലായതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് അഞ്ചരയോടെ പത്തനംതിട്ട എസ്പി ഓഫീസിലെത്തി റോയി ഡാനിയേലും പ്രഭയും കീഴടങ്ങിയത്. രണ്ടാഴ്ചയായി ഇരുവരും ചങ്ങനാശ്ശേരിയിൽ ഒളിവിൽ ആയിരുന്നു.

കോന്നി വകയാറിലുള്ള പോപ്പുലർ ആസ്ഥാനത്ത് നിന്ന് നിർണായക രേഖകൾ പൊലീസിന് കിട്ടി. ആസൂത്രിതമായാണ് തട്ടിപ്പ് നടന്നതെന്നാണ് സൂചന. സ്ഥാപനത്തിന്‍റെ തുടക്കം മുതൽ പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് ഇടപാടുകാർക്ക് രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി വിവിധ പേരിലാണ് രേഖകൾ നൽകുന്നത്. റോയിയുടെ പെൺമക്കളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്‍റെ നിക്ഷേപം വകമാറ്റിയിരുന്നു.സ്ഥാപനത്തിന്‍റെ നിക്ഷേപം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നികുതി വകുപ്പും പരിശോധിക്കും. അതേസമയം പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ കൂട്ടായ്മ പ്രത്യക്ഷ സമരം തുടങ്ങി.

click me!