പത്തനംതിട്ട: പോപ്പുല‌ർ ഫിനാൻസ് തട്ടിപ്പിൽ സ്ഥാപനത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കോന്നി മേഖലയിൽ മാത്രം നടന്നത് 600 കോടി രൂപയുടെ തട്ടിപ്പ്. നിക്ഷേപം സ്വീകരിക്കാനുള്ള റിസർവ് ബാങ്കിന്റെ വിലക്ക് മറച്ചു വച്ചാണ് സ്ഥാപനം തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും

റിമാന്റിലായിരുന്ന പോപ്പുലർ ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റീബ മേരി എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. പോപ്പുലറിന്റെ വിവിധ ശാഖകളിലെ ഇടപാടുകൾ സംബന്ധിച്ചു പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കമ്പനിയിലെ ചില ഉയർന്ന ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. 

ഇവരിൽ ചിലർ ബെംഗളൂരുവിൽ ഉണ്ടെന്നും സംശയിക്കുന്നു. റിസർവ്വ് ബാങ്ക് നിബന്ധനകൾ പാലിക്കാത്തതിന്റെ പേരിൽ 2014ൽ സ്ഥാപനത്തിനെതിരെ നടപടി ഉണ്ടായതാണ്. ഇതെല്ലാം മറച്ച് വച്ചാണ് നാടുനീളെ ശാഖകൾ തുടങ്ങി കോടിക്കണക്കിന് രൂപ നിക്ഷേപം വാങ്ങി ഉടമകൾ വകമാറ്റിയത്. സെക്യൂരിറ്റീസ് ആൻഡ് എക്സചെഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതി ഇല്ലാതെ ബോണ്ട് ഇറക്കിയതിന്റെ പേരിലും പോപ്പുലറിന്റെ പേരിൽ നടപടി ഉണ്ടാവും. 

അഞ്ച് വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകുമെന്ന പേരിലാണ് ഒരു നിയമ പരിരക്ഷയുമില്ലാത്ത നിക്ഷേപ പദ്ധതികൾ കമ്പനി ആവിഷ്ക്കരിച്ചത്. അതേ സമയം സാമ്പത്തിക നഷ്ടത്തിന് കാരണം മാനേജർമാർ നടത്തിയ സാമ്പത്തിക ക്രമക്കേടാണെന്നും റോയ് ഡാനിയേൽ മൊഴി നൽകിയിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.