പിഎഫ്ഐ ഓഫീസ് അടച്ചുപൂട്ടി, ബാബറി മസ്ജിദ് പുനഃസ്ഥാപിക്കുമെന്ന് ആലേഖനം ചെയ്ത ഫോട്ടോകളടക്കം കണ്ടെത്തി

By Web TeamFirst Published Sep 30, 2022, 10:10 PM IST
Highlights

നെടുംകണ്ടം പൊലീസും റവന്യൂ വകുപ്പും ചേർന്നാണ് സീൽ ചെയ്തത്. ബാബറി മസ്ജിദ് പുനർ നിർമ്മിക്കും എന്ന് അലേഖനം ചെയ്ത 14 ഫോട്ടോകൾ ഓഫീസിൽ നിന്നും കണ്ടെത്തി.

ഇടുക്കി: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് ഇടുക്കി തൂക്കുപാലത്തെ ഓഫീസും സീൽ ചെയ്തു. നെടുംകണ്ടം പൊലീസും റവന്യൂ വകുപ്പും ചേർന്നാണ് സീൽ ചെയ്തത്. ബാബറി മസ്ജിദ് പുനർ നിർമ്മിക്കും എന്ന് അലേഖനം ചെയ്ത 14 ഫോട്ടോകൾ ഓഫീസിൽ നിന്നും കണ്ടെത്തി.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ കോയ തങ്ങളുടെ പേരിലുള്ള 17 സെൻ്റ് സ്ഥലത്താണ് കെട്ടിടം പണിതിരുന്നത്. ഓഫീസ് കെട്ടിടവും ഓ‍ഡിറ്റോറിയവുമാണിവിടെയുള്ളത്.  35 ചുരശ്ര മീറ്റർ വിസ്തൃതിയിൽ വീട് പണിയാൻ എടുത്ത പെർമിറ്റിലാണിത് പണിതിരുന്നത്. തുറക്കാൻ താക്കോലില്ലാതിരുന്നതിനാൽ വാതിൽ പൊളിച്ചാണ് പൊലീസ് ഓഫീസിന്‍റെ അകത്ത് കടന്നത്. ബാബറി മസ്ജിദ് പുനഃസ്ഥാപിക്കുമെന്ന് ആലേഖനം ചെയ്ത ഫോട്ടോകളും പിഎഫ്ഐയുടെ യൂണിഫോമും തൊപ്പികളും ബെൽറ്റുകളും കണ്ടെടുത്തു.

നിരവധി പായകളും തലയിണകളും ഓഫീസിനുള്ളിലുണ്ടായിരുന്നു. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. വിവരങ്ങൾ എന്‍ഐഎ സംഘത്തെയും അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് തൊടുപുഴയിലും തൂക്കുപാലത്തുമാണ് ജില്ലയില്‍ ഓഫീസുകള്‍ ഉള്ളത്. 

അതേസമയം, സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകളിൽ പൊലീസ് പരിശോധന തുടരുകയാണ്. പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ ഇന്ന് പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്‍റർ സീൽ ചെയ്തത്. കോഴിക്കോട് മീഞ്ചന്തയിലെ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്റർ കേന്ദ്രീകരിച്ച് പണമിടപാടുൾപ്പെടെ നടന്നെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എൻഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സീൽ ചെയ്യൽ നടപടിക്ക് എൻഐഎ സംഘമെത്തിയത്. അതേസമയം, പിഎഫ്ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉൾപ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീൽ ചെയ്തു. 

click me!