
കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താറിനെ എൻഐഎ അറസ്റ്റ് ചെയ്തു. യുഎപിഎ, 120 ബി, 153 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ അബ്ദുൽ സത്താറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് ഉച്ചയോടെ കരുനാഗപ്പള്ളി പുതിയകാവിൽ പിഎഫ്ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ ട്രസ്റ്റിൽ നിന്നാണ് അബ്ദുൽ സത്താറിനെ, കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ പിടികൂടിയത്. തുടർന്ന് കൊല്ലം പൊലീസ് ക്ലബിൽ എത്തിച്ചതിന് പിന്നാലെ കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ അബ്‌ദുൽ സത്താർ, ഹർത്താൽ ആഹ്വാനം ചെയ്ത ശേഷം ഒളിവിൽ പോയിരുന്നു. ഹർത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു കൊല്ലം സിറ്റി പൊലീസ് കമ്മീഷണറും ഇയാളെ ചോദ്യം ചെയ്തു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കം എട്ട് അനുബന്ധ സംഘടനകളെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് അബ്‌ദുൽ സത്താറ്‍ പിടിയിലായത്. രാജ്യവ്യാപകമായി എന്‍ഐഎ അടക്കം രണ്ട് തവണ നടത്തിയ റെയ്ഡിനും അറസ്റ്റിനും ഒടുവിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. ആഗോള ഭീകര സംഘടനയായ ഐഎസുമായി സംഘടനക്ക് ബന്ധമുണ്ടെന്ന് പലതവണ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം നിരോധന വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
Also Read : പിഎഫ്ഐ ഹര്‍ത്താല്‍ അക്രമം: ഇന്ന് 233 അറസ്റ്റ്, ഇതുവരെ അറസ്റ്റിലായത് 2042 പേര്‍
അതേസമയം, സംസ്ഥാനത്തെ പി എഫ് ഐ ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 233 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam