ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് എതിരെയുള്ള പാര്‍ട്ടി അന്വേഷണം; നടപടിക്ക് സാധ്യത

By Web TeamFirst Published Aug 23, 2021, 5:14 PM IST
Highlights


മൂന്നാറിലെ പ്രബല ജാതിയില്‍ സ്വാധീനമുള്ള എസ് രാജേന്ദ്രന്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പരാതികളുയര്‍ന്നിരുന്നു. 


ഇടുക്കി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ ദേവികുളം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പാര്‍ട്ടിയുടെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. ഇനി എസ് രാജേന്ദ്രന്‍റെ ഭാഗം മാത്രമാണ് കേള്‍ക്കാനുള്ളത്. അതിനിടെ, പാര്‍ട്ടി അന്വേഷണത്തില്‍ എസ് രാജേന്ദ്രന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തല്‍. ഇതോടെ എസ് രാജേന്ദ്രനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് ഏതാണ്ട് ഉറപ്പായി. 

ബ്രാഞ്ച് തലം മുതല്‍ പ്രവര്‍ത്തകര്‍ എസ് രാജേന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടിയുടെ അന്വേഷണം. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ദേവികുളം എംഎല്‍എ സ്ഥാനാര്‍ത്ഥിയായി അഡ്വ. എ രാജയെ പാര്‍ട്ടി തെരഞ്ഞെടുത്തപ്പോള്‍ മുന്‍ എംഎല്‍എ  പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യോഗങ്ങള്‍ നടത്തുകയും വോട്ട് നല്‍കരുതെന്ന് ചിലരോട് പറഞ്ഞതായും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.  പാര്‍ട്ടി ജില്ലാ കമ്മറ്റി നിയോഗിച്ച രണ്ടംഗ സമിതിയാണ് മുന്‍ എംഎല്‍എയ്ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നത്. 

മൂന്നാറിലെ പ്രബല ജാതിയില്‍ സ്വാധീനമുള്ള എസ് രാജേന്ദ്രന്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പരാതികളുയര്‍ന്നിരുന്നു. അന്വേഷണ കമ്മീഷന് മുന്നില്‍ എസ് രാജേന്ദ്രനെതിരായ പരാതികള്‍ ശരിവെക്കുന്ന മൊഴികളാണ് ലഭിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. ഇനി എസ് രാജേന്ദ്രന്‍റെ ഭാഗം മാത്രമാണ് കേള്‍ക്കാനുള്ളത്. നാളെയും മറ്റന്നാളുമായി എസ് രാജേന്ദ്രന്‍റെ വാദം കേട്ട ശേഷം നടപടി സ്വീകരിക്കും. തുടര്‍ന്ന് സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടി. 
 

കൂടുതല്‍ വായിക്കാന്‍:  പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കേണ്ട; സിപിഎം വിടില്ലെന്ന് എസ് രാജേന്ദ്രൻ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!