'ആന്തരികാവയങ്ങള്‍ക്ക് അണുബാധ', ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സിന്‍റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Jan 3, 2023, 8:53 PM IST
Highlights

ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം. 

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മി രാജിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ അണുബാധ മൂലമാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോർട്ട്. ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം. ശരീര ശ്രവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29 നാണ് ഓൺലൈനിലൂടെ കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്. ഒരു മണിക്കൂറിനുള്ളിൽ അവശയായ രശ്മിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നൽകി. പക്ഷേ പിന്നീടും നിർബാധം പ്രവർത്തിച്ചു.

രശ്‍മിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടക്കുകയാണ്. 429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. തലസ്ഥാനത്ത് വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 8 ഹോട്ടലുകൾ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. 

തൃശ്ശൂരില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശ്ശൂര്‍ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം നൽകി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക. 

click me!