
കാസർഗോഡ്: കുമ്പള അനന്തപുര അനന്തപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുതല ബബിയയുടെ സ്മരണാർത്ഥം തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. കുമ്പള പോസ്റ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കാസറകോട് ജില്ലാ പോസ്റ്റൽ സൂപ്രണ്ട് വി ശാരദ കവർ പ്രകാശനം ചെയ്തു. വിവിധ ഫിലാറ്റലിക് ബ്യൂറോകളിൽ നിന്നും 10 രൂപ നിരക്കിൽ സ്പെഷ്യൽ കവർ വാങ്ങാം.
അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതലയായിരുന്ന ബബിയ ഒക്ടോബറിലാണ് ചത്തത്. ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്നു ബബിയ. 75 വയസിൽ ഏറെ പ്രായമുള്ള ബബിയ പൂർണ്ണമായും സസ്യാഹാരിയായിരുന്നു എന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.
ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു നിരുപദ്രവകാരിയായ മുതല. ഇടയ്ക്കിടെ തടാകത്തിലെ തന്‍റെ മാളത്തില്‍ നിന്നും മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഒരിക്കല്‍ ബബിയ ശ്രീകോവിലിനു മുന്നില്‍ 'ദര്‍ശനം' നടത്തിയത് ക്ഷേത്ര പൂജാരി മൊബൈലില്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രചാരണം ലഭിച്ചിരുന്നു.
സസ്യാഹാരിയായ ബബിയക്ക് ക്ഷേത്രത്തില്‍ രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമായിരുന്നു ഭക്ഷണം. ക്ഷേത്ര കുളത്തിലേക്ക് മുതല എങ്ങനെയാണ് വന്നതെന്നും ആരാണ് ഇതിന് പേര് നൽകിയതെന്നും ആർക്കും അറിയില്ല. വന്യമായ പെരുമാറ്റം മുതലയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam