
കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കാസർകോട്ട് പോസ്റ്റർ. ബലിദാനികളെ അപമാനിച്ച നേതാക്കളെ കെ.സുരേന്ദ്രൻ സംരക്ഷിച്ചുവെന്നാണ് പോസ്റ്ററിലെ ആക്ഷേപം. കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷനാക്കാൻ ബി ജെ പി പിന്തുണ നൽകിയതിനെതിരെ ജില്ലയിൽ നേരത്തെ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. ‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികള്‍ക്ക് നീതി കിട്ടും…’ എന്നാണ് പോസ്റ്ററിലെ വാചകം. മലയാളത്തിലും കന്നഡയിലും പോസ്റ്ററുകളുണ്ട്. കെ. സുരേന്ദ്രൻ ഇന്ന് വൈകുന്നേരം കുമ്പളയിൽ ബിജെപി പൊതുപരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് തുറന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
സ്വന്തം തട്ടകമായ കാസര്‍കോട് വലിയ എതിര്‍പ്പാണ് സുരേന്ദ്രനെതിരെ ഉയരുന്നത്. നേരത്തെയും കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ബിജെപി രംഗത്തെത്തിയിരുന്നു. മുന്‍ ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെയും നേരത്തെ പോസ്റ്ററ്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍ ബിജെപി ജില്ലാ പ്രസിഡന്‍റടക്കമുള്ളവരാണ് സിപിഎം ബിജെപി കൂട്ടുകെട്ടുണ്ടാത്തിയതെന്നും ജില്ലയിലെ മൂന്ന് നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും ഒരു വിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം നടപടി എടുത്തില്ല. ഇതില്‍ കാസര്‍ഗോഡ് ബിജെപിയിലെ ഒരു വിഭാഗം വലിയ അമര്‍ഷത്തിലായിരുന്നു. അതേസമയം വാര്‍ത്തയായതിന് പിന്നാലെ അണികളെത്തി പോസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.
Read More : പ്രധാനമന്ത്രിയുടെ കേദാർനാഥ്, ബദ്രിനാഥ് സന്ദർശനം ഇന്ന്,3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam