'വിന്‍സെന്‍റിനെ പ്രസിഡന്‍റാക്കാൻ പ്രതാപന് എന്ത് പ്രതിഫലം കിട്ടി'? ടിഎൻ പ്രതാപനെതിരെ തൃശൂരില്‍ പോസ്റ്റര്‍

By Web TeamFirst Published Feb 10, 2020, 6:12 PM IST
Highlights

ഹെൽമറ്റ് ധരിച്ച് ഇരുചക്രവാഹനത്തിലെത്തിയ ആളാണ് പോസ്റ്റര്‍ ഒട്ടിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. 

തൃശൂര്‍: എംപി വിന്‍സെന്‍റിനെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിൽ ടിഎൻ പ്രതാപനും വിന്‍സെന്‍റിനും എതിരെ അസഭ്യവര്‍ഷവുമായി തൃശൂര്‍ നഗരത്തിൽ പോസ്റ്ററുകള്‍. ഹെൽമറ്റ് ധരിച്ച് ഇരുചക്രവാഹനത്തിലെത്തിയ ആളാണ് പോസ്റ്റര്‍ ഒട്ടിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് ടിഎൻ പ്രതാപനും എംപി വിൻസെൻരും അറിയിച്ചു.

തൃശൂര്‍ പ്രസ് ക്ലബ്, സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് വിവിധ മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്നിലാണ് പോസ്റ്ററുകള്‍. ഇവിടങ്ങളിൽ എല്ലാം ഹെല്‍മറ്റ് ധരിച്ചെത്തിയ ആള്‍ പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കാമറകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് പോസ്റ്റര്‍ പതിച്ചത്. വിന്‍സെന്‍റിനെ പ്രസിഡന്‍റാക്കാൻ പ്രതാപന് എന്ത് പ്രതിഫലം കിട്ടിയെന്ന് ചോദിച്ചാണ് ചില പോസ്റ്ററുകള്‍. 

"

എ ഗ്രൂപ്പില്‍ നിന്ന് പി എ മാധവൻ ,ജോസഫ് ടാജറ്റ് എന്നിവരുടെയും ഐ ഗ്രൂപ്പില്‍ നിന്ന് ജോസ് വള്ളൂര്‍ എന്നിവരുടെ പേരുകളാണ് നേരത്തെ ഡിസിസി പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ഐ ഗ്രൂപ്പില്‍ നിന്നുളള മുൻ എംഎല്‍എ എംപി വിൻസെൻറിനെ പരിഗണിക്കാൻ തീരുമാനമായത്. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്. ഐ ഗ്രൂപ്പിൽ തന്നെ വിന്‍സെന്‍റിനെ പ്രസിഡന്‍റാക്കുന്നതിനോട് എതിര്‍പ്പുള്ളവരുണ്ട്. തമ്മിലടി മാറ്റിവെച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അതേ സമയം ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കടുത്ത ഗ്രൂപ്പ് പോരിലേക്ക് തൃശൂരിലെ കോണ്‍ഗ്രസ് നീങ്ങുകയാണ്. 

click me!