
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും റോഡിലെ കുഴിയിൽ വീണ് അപകടം. പത്തനംതിട്ട കുമ്പഴ സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ സ്വകാര്യ ബസിലിടിച്ചത്. സ്കൂട്ടർ യാത്രക്കാരിയായ കുമ്പഴ സ്വദേശി ആതിരയാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പത്തനംതിട്ട ജയിലിന് സമീപത്തെ റോഡിലാണ് അപകടം ഉണ്ടായത്. റോഡിലെ കുഴി അടക്കണം എന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ പരിഹരിച്ചിട്ടില്ല
അപകടക്കെണിയൊരുക്കി ദേശീയപാതയിലെ കുഴികൾ
കോഴിക്കോട് താമരശ്ശേരിയിൽ ദേശീയ പാതയിലെ കുഴിയിൽ വീണ് രാവിലെയുണ്ടായ അപകടത്തിൽ വാവാട് സ്വദേശികളായ സലിം, ഭാര്യ സുബൈദ എന്നിവർക്ക് പരിക്കേറ്റു. പിന്നാലെ വന്ന ലോറിക്ക് അടിയിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. സാരമായി പരുക്കേറ്റ ദമ്പതികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായി മെഡിക്കൽ കോളേജ് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് താമരശ്ശേരി ദേശീയപാതയിലെ കുഴികളിൽ പെട്ടുളള വാഹനാപകടം തുടർക്കഥയാകുകയാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും റോഡിന്‍റെ അവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ദേശിയ പാത 766 ൽ മണ്ണിൽക്കടവിനും അടിവാരത്തിനുമിടയിലാണ് അപകടക്കെണിയായി കുഴികളുളളത്. അപകടത്തിൽപ്പെടുന്നതിലധികവും ഇരുചക്ര വാഹന യാത്രക്കാരാണ്. രാവിലെ വാവാട് സ്വദേശികളായ സലീം, ഭാര്യ സുബൈദ എന്നിവരാണ് കുഴിയിൽ വീണ് അപകടത്തിൽപെട്ടതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. കുഴികളുണ്ടായി രണ്ട് മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ലെന്നും നാട്ടുകാർ പറയുന്നു.
Also Read: സൈഡ് കൊടുക്കുന്നതിനിടെ വഴിയാത്രക്കാരനെ ഇടിച്ചു; കാലിലൂടെ കയറിയിറങ്ങി സ്വകാര്യ ബസ്
കോഴിക്കോട് താമരശ്ശേരി പാതയിലെ മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുളള 20 കിലോമീറ്റർ ഭാഗത്ത് ഏതാണ് 700 കുഴികളുണ്ട്. ചിലയിടങ്ങളിൽ പാറപ്പൊടിയിട്ട് നികത്തിയെങ്കിലും മഴ ശക്തമായതോടെ അതും ഒലിച്ചുപോയി. അടിയന്തിരമായി കുഴികളടയ്ക്കാൻ ഹൈക്കോടതി ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകി ദിവസങ്ങളായിട്ടും ഈ പ്രദേശത്ത് യാതൊരു അറ്റകുറ്റപ്പണിക്കും തുടക്കമിട്ടിട്ടില്ല.