തൃശ്ശൂർ-പാലാഴി റൂട്ടിലോടുന്ന കിരൺ എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്.
തൃശ്ശൂർ: തൃശ്ശൂർ കാഞ്ഞാണിയിൽ വച്ച് വഴിയാത്രക്കാരന്‍റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തൃശ്ശൂർ-പാലാഴി റൂട്ടിലോടുന്ന 'കിരൺ' എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്.
മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബസ് വഴി യാത്രക്കാരനെ ഇടിക്കുകയും അയാൾ ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു
കൊല്ലം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം പേട്ട സ്വദേശിനി കൃഷ്ണകുമാരി, മൂന്നര വയസുകാരി ജാനകി എന്നിവരാണ് മരിച്ചത്. കാവനാട് മുക്കാട് പാലത്തിന് സമീപം പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം. ഗുരുവായുരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കാറും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടക്കെണിയൊരുക്കി ദേശീയപാതയിലെ കുഴികൾ
കോഴിക്കോട് താമരശ്ശേരിയിൽ ദേശീയ പാതയിലെ കുഴിയിൽ വീണ് രാവിലെയുണ്ടായ അപകടത്തിൽ വാവാട് സ്വദേശികളായ സലിം, ഭാര്യ സുബൈദ എന്നിവർക്ക് പരിക്കേറ്റു. പിന്നാലെ വന്ന ലോറിക്ക് അടിയിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. സാരമായി പരുക്കേറ്റ ദമ്പതികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായി മെഡിക്കൽ കോളേജ് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് താമരശ്ശേരി ദേശീയപാതയിലെ കുഴികളിൽ പെട്ടുളള വാഹനാപകടം തുടർക്കഥയാകുകയാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും റോഡിന്‍റെ അവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ദേശിയ പാത 766 ൽ മണ്ണിൽക്കടവിനും അടിവാരത്തിനുമിടയിലാണ് അപകടക്കെണിയായി കുഴികളുളളത്. അപകടത്തിൽപ്പെടുന്നതിലധികവും ഇരുചക്ര വാഹന യാത്രക്കാരാണ്. രാവിലെ വാവാട് സ്വദേശികളായ സലീം, ഭാര്യ സുബൈദ എന്നിവരാണ് കുഴിയിൽ വീണ് അപകടത്തിൽപെട്ടതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. കുഴികളുണ്ടായി രണ്ടുമാസം കഴിഞ്ഞിട്ടും ഒരു നടപടിയുമില്ലെന്നും നാട്ടുകാർ പറയുന്നു.
