
കൊച്ചി: സംസ്ഥാനത്ത് റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോയെന്ന് കേരള ഹൈക്കോടതിയുടെ ചോദ്യം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.
കൊച്ചി കോര്‍പറേഷൻ പരിധിയിലേതടക്കം നിരവധി റോഡുകൾ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹർജികൾ പരിഗണിക്കുന്പോഴാണ് ഹൈക്കോടതിയുടെ വിമർശനം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ് .ആറ് മാസത്തിനകം റോഡുകള്‍ തകര്‍ന്നാൽ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ നടപടിയെടുക്കണം. വിജിലന്‍സ് അന്വേഷിക്കണം. ഒരു വര്‍ഷത്തിനുളളിൽ വകുപ്പുതല ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കണം. ഉത്തരവാദികളായവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകണം. റോഡ് അറ്റകുറ്റപ്പണിക്കുളള പണം ഇപ്പോൾ വകമാറ്റുകയാണ്. ഇത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് റോഡ് അപകടങ്ങൾ ദിവസം തോറും കൂടിവരുന്നു. ഇതിങ്ങനെ അനുവദിക്കാനാകില്ല. പല തവണ റോഡുകളുടെ അറ്റകുറ്റ പണി തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒന്നും നടന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ റോഡ് എന്ന് പേര് മാറ്റിയാലേ അറ്റകുറ്റപ്പണി നടത്തൂ എന്നാണോ സർക്കാർ നിലപാടെന്നും കോടതി പരിഹാസത്തോടെ ചോദിച്ചു. എഞ്ചിനീയർമാർ കാറിൽ നിന്നിറങ്ങി റോഡിലൂടെ നടന്ന് പോകണം. അപ്പോള്‍ മാത്രമേ അതിന്‍റെ ബുദ്ധിമുട്ട് മനസിലാകൂ. മഴക്കാലത്ത് കുഴികൾ പോലും കാണാൻ പറ്റാത്ത നിലയിലാണ്. കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവാകുമ്പോഴും റോഡ് നന്നാക്കാന്‍ നടപടിയില്ല. എന്നാൽ സംസ്ഥാന റോഡുകൾ നന്നാക്കാൻ വേഗത്തിലുളള നടപടി സ്വീകരിച്ചുവരികയാണെന്ന് സർക്കാർ മറുപടി നൽകി. ഹർജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
റോഡിലെ കുഴിയിൽ വീണ യുവാവിന് ദാരുണാന്ത്യം
തൃശൂർ: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. തൃശൂർ തളിക്കുളം ദേശീയ പാതയിലാണ് അപകടം നടന്നത്. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യവേ കുഴിയിൽ വീഴുകയായിരുന്നു. സനു സി ജെയിംസിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഇന്നലെ അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്.
അപകടത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കുഴി അടച്ചു. സ്വകാര്യ മൊബൈൽ കടയിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് അപകടം നടന്നത്. അപകട സമയത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഈ ഭാഗത്ത് റോഡിലുള്ളത് വലിയ കുഴികളായിരുന്നു. മഴയത്ത് വെള്ളം നിറഞ്ഞ് കുഴികൾ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam