
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്‍ഐവി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച് മൂന്നാല് ദിവസത്തിനകം ഇവിടത്തന്നെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കാനായത് വലിയ നേട്ടമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇതിലൂടെ എന്‍ഐവി പൂനയിലേക്ക് സാമ്പിളുകള്‍ അയയ്ക്കുന്നത് മൂലമുള്ള കാലതാമസം ഒഴിവാക്കാനാകും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 28 ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സൗകര്യമുണ്ട്. കേസുകള്‍ കൂടുകയാണെങ്കില്‍ കൂടുതല്‍ ലാബുകളില്‍ മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ കോള്‍ഡ് ചെയിന്‍ സംവിധാനത്തോടെയാണ് ലാബില്‍ അയയ്ക്കുന്നത്. ആര്‍ടിപിസിആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്‍റെ ജനിതക വസ്തുവായ ഡിഎന്‍എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. മങ്കിപോക്‌സിന് രണ്ട് പിസിആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആര്‍ടിപിസിആര്‍ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസുണ്ടെങ്കില്‍ അതറിയാന്‍ സാധിക്കും. ആദ്യ പരിശോധനയില്‍ പോസിറ്റീവായാല്‍ തുടര്‍ന്ന് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്ന പരിശോധന നടത്തും. ഇതിലൂടെയാണ് മങ്കി പോക്‌സ് സ്ഥിരീകരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam