
കോഴിക്കോട്: രാഷ്ട്രീയ പാർട്ടികൾ പറഞ്ഞാൽ മാത്രംപോര, ചെയ്തു കാണിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് അങ്ങനെ ചെയ്തുകാണിക്കുന്ന പാർട്ടിയാണ്. ലീഗിന് തളർച്ചയില്ലാത്തത് അതുകൊണ്ടാണ്. ജീവകാരുണ്യ പ്രവർത്തനരംഗത്ത് ലീഗ് മുൻപന്തിയിൽ ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മറ്റ് രാഷ്ട്രീയ പാർട്ടികൾ പ്രസംഗത്തിൽ ഊന്നുമ്പോൾ സന്നദ്ധ പ്രവർത്തനങ്ങളിലും മുസ്ലീം ലീഗ് ശ്രദ്ധ ചെലുത്തുന്നു. അതാണ് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും ലീഗിന് ക്ഷീണമില്ലാത്തത്. രാജ്യത്ത് പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയാണ്. പുതിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിലപാടുകളാൽ നിയമ പരിരക്ഷ നഷ്ടപ്പെട്ടു. ലിംഗസമത്വത്തിന്റെയൊക്കെ പേരിൽ അനാവശ്യ പരിഷ്കാരമാണ് നടപ്പാക്കുന്നത്.
അനാവശ്യ നിയമ പരിഷ്കാരങ്ങൾക്കായി സംസ്ഥാന സർക്കാരും മുന്നോട്ട് പോന്നു. എന്നാൽ ആവശ്യമുള്ളതൊന്നും നടപ്പാക്കുന്നില്ല. റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്റെ പ്രവർത്തനം. റോഡിലെ കുഴിയടക്കാൻ പണമില്ല. ഇങ്ങിനെ പോയാൽ അടിയന്തര പ്രക്ഷോഭം നടത്തേണ്ടി വരും. പ്രവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
അതേസമയം, ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുത് എന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് പറഞ്ഞു. കേരളം ഉണ്ടായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളിൽ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.
ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകളിൽ ഇടപെടുന്നതിന് പരിമിതി ഉണ്ട്. സംസ്ഥാനത്തിന് കീഴിൽ ഉള്ള 548 കി.മീ ദേശീയപാത ആണ്. നെടുമ്പാശ്ശേരിയിലെ അപകടം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരയ്ക്കാത്ത നിലപാട് ആണ്. വസ്തുതാപരമായാണ് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. പക്ഷേ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. അവാസ്തവ പ്രസ്താവനകൾക്ക് മറുപടി നല്കാതിരിക്കാനാവില്ല. (കൂടുതല്‍ വായിക്കാം....)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam