
തിരുവനന്തപുരം: ടാറിംഗിലെ അപാകത കണ്ടെത്താന്‍ ഓപ്പറേഷന്‍ സരള്‍ രാസ്തയുടെ ഭാഗമായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. ആറുമാസത്തിനിടെ ടാറിങ് നടന്ന റോഡുകളിലാണ് പരിശോധന. 148 റോഡുകളിൽ 67 റോഡുകളിലും കുഴികള്‍ കണ്ടെത്തി.19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. റോഡ് ഡോളര്‍ ഉപയോഗിക്കാതെ റോഡ് നിര്‍മ്മിച്ചുവെന്നും കണ്ടെത്തി.
അതേസമയം റോഡുകൾ നശിക്കുന്നതിന് പ്രധാന കാരണം മഴയാണെന്നാണ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. മഴക്ക് വരെ മാറ്റം വന്നു. കാലാവസ്ഥയെ മനസിലാക്കി എങ്ങനെ റോഡ് നിർമാണം നടത്താം എന്നതാണ് ചിന്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്നമാണ്. പ്രളയത്തെ പ്രതിരോധിക്കുന്ന നിർമിതികളാണ് ഇനി കേരളത്തിന് ആവശ്യം. രാജ്യത്തെ വിവിധ ഐഐടികളെ പങ്കെടുപ്പിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിർമിതികൾ കൊണ്ടുവരുമെന്നും മന്ത്രി വിശദീകരിച്ചു.
ആലുവ പെരുമ്പാവൂർ റോഡിന്‍റെ തകര്‍ച്ചയില്‍ വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. ആ റോഡ് നല്ല രീതിയിൽ നിർമ്മിക്കേണ്ടതുണ്ട്. പാച്ച് വർക്ക് കൊണ്ട് മാത്രം നിലനിൽക്കാനാവില്ല. അറ്റകുറ്റപ്പണിയുടെ ഗുണനിലവാരം പരിശോധിക്കുക എന്നത് പ്രധാനപ്പെട്ട പ്രശ്നമാണ്. ചെറിയ സമയത്തിൽ തീവ്രമായ മഴ പെയ്യുന്നത് റോഡ് തകരാൻ കാരണമാകുന്നു. ഡ്രെയിനേജ് കപ്പാസിറ്റിയേക്കാളും വെള്ളം വരുന്നു. ഐ ഐ ടി, മറ്റ് വിദഗ്ധർ എന്നിവരെ പങ്കെടുപ്പിച്ച് സെമിനാർ നടത്തും. പുതിയ രീതികൾ ആവിഷ്കരിക്കണമെന്നും മന്ത്രി പറഞ്ഞു. കുഴിയിൽ വീണ് പരിക്കേൽക്കുന്നവർക്കും മരിക്കുന്നവരുടെ കുടുംബത്തിനും സർക്കാർ സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്നും മന്ത്രി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam