
ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്‍റിന്‍റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബാബു പ്രസാദിന്‍റെ പോക്കറ്റിൽ നിന്ന് 5000 രൂപയാണ് മോഷണം പോയത്. പോക്കറ്റിൽ കവറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം.
ജോഡോ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിനിടയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിൽക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. ഇതോടെ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്ര ഇന്നാണ് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. രാവിലെ കൊല്ലം പുതിയ കാവിൽ നിന്ന് തുടങ്ങിയ യാത്രക്ക് ആലപ്പുഴ ജില്ല അതിർത്തിയായ കൃഷ്ണപുരത്ത് ഡിസിസിയുടെ നേത്യത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ സ്വീകരണം നൽകി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം ജോഡോ യാത്ര സഞ്ചരിക്കുന്നത് ആലപ്പുഴ ജില്ലയിലൂടെയാണ്. നാല് ദിവസം കൊണ്ട് 90 കിലോ മീറ്റർ ജില്ലയിൽ സഞ്ചരിക്കും. യാത്രയുടെ ആദൃ ഘട്ടം കായംകുളത്ത് സമാപിച്ചു. രണ്ടാം ഘട്ടം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് തുടങ്ങി നങ്ങ്യാർകുളങ്ങര എന്‍ടിപിസി ജംങ്ഷനിൽ സമാപിക്കും.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ജില്ലയിലെത്തിയ രാഹുൽ ഗാന്ധി ഇന്നലെ മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി അമൃതപുരിയിലെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam