
പത്തനംതിട്ട: പോറ്റി പാരഡി ഗാനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം. ഇന്നത്തെ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പന്തളം ഏരിയ കമ്മിറ്റി അംഗവും, പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വർമയാണ് പരാതി നൽകുക. പാരഡി ഗാനത്തിൽ അണിയറ പ്രവർത്തകർക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതിൽ നിന്ന് താൽക്കാലികമായി പിന്നോട്ട് പോയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. കേസെടുത്ത തീരുമാനം വ്യാപകമായി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
അതേസമയം, കേസിൽ പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. സൈറ്റുകളിൽ നിന്നും പാട്ട് നീക്കം ചെയ്യും. കേസെടുത്തതിൽ പൊലീസിനുള്ളിൽ രണ്ട് അഭിപ്രായമാണ് ഉള്ളത്. ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ കേസെടുത്തത്. തിരുവാഭരണപാതാ സംരക്ഷണ സമിതി ജന സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.
നിയമോപദേശം തേടിയെടുത്ത കേസിൽ പ്രതിപ്പട്ടികയിൽ നാല് പേരുകളാണ് ഉള്ളത്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, ഇവരുടെ സിഎംഎസ് മീഡിയ എന്നിവരാണവർ. മതസ്പർധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്നും എഫ്ഐആറിലുണ്ട്. സൈബർ പൊലീസ് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തിറങ്ങിയ പാട്ട്, ഫലം വന്ന ശേഷം യുഡിഎഫ് നേതാക്കൾ ഏറ്റുപാടിയതോടെയാണ് വൈറലായത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സിപിഎമ്മും പാട്ടിനെതിരെ പരാതി നൽകാൻ തീരുമാനിച്ചു. ധ്രുവീകരണമുണ്ടാക്കി വോട്ടുപിടിക്കാൻ പാട്ടിലൂടെ ശ്രമം നടന്നെന്നും ചട്ടലംഘനമുണ്ടായെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടാനാണ് നീക്കം. തിരുവാഭരണ പാതാ സംരക്ഷണ സമിതി ജന. സെക്രട്ടറിയുടെ പരാതിയെ പാർട്ടി പിന്തുണച്ചിരുന്നു. പിന്നാലെ സമിതി ചെയർമാനായ ഹിന്ദു ഐക്യ വേദി ജില്ലാ അധ്യക്ഷൻ പരാതിയെ തള്ളി രംഗത്തെത്തി. അതേസമയം, സിപിഎം വികാരത്തെ കളിയാക്കുകയാണ് കോൺഗ്രസ്. പാരഡിയിൽ പൊള്ളുന്നതെന്തിനെന്നാണ് അവർ ഉയർത്തുന്ന ചോദ്യം.
അതിനിടെ, പാരഡിക്കേസിലെ പരാതിക്കാരന്റെ സംഘടനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അയച്ച പരാതി റജിസ്ട്രേഷൻ വകുപ്പ് ഐജിക്ക് കൈമാറി. പരാതിക്കാരനായ പ്രസാദ് കുഴിക്കാല സെക്രട്ടറിയായ തിരുവാഭരണ പാത സംരക്ഷണസമിതിയെ കുറിച്ച് അന്വേഷിക്കാനാണ് തീരുമാനം. മറ്റൊരു സംഘടന കൂടി ഇതേ പേരിൽ രംഗത്ത് വന്നതോടെയാണ് പരാതി ഉയർന്നത്. അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് ആണ് പരാതിക്കാരൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam