
കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൽനിന്ന് ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് പരാതി. കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടറുടെ സഹോദരനെ കണ്ണൂർ വിജിലൻസിൽനിന്ന് മാറ്റണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി.
കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടർ ബിജു മോഹന്റെ സഹോദരൻ ബിനു മോഹനെ കണ്ണൂർ വിജിലൻസിൽനിന്ന് മാറ്റണമെന്നാണ് മുഹമ്മദ് ഷമ്മാസിന്റെ ആവശ്യം. കണ്ണൂർ വിജിലൻസ് യൂണിറ്റിലെ സിഐയാണ് ബിനു മോഹൻ. ബിനു മോഹനെ കണ്ണൂർ വിജിലൻസിൽനിന്ന് മാറ്റിയില്ലെങ്കിൽ അന്വേഷണത്തെ ബാധിക്കുമെന്നും ഷമ്മാസിന്റെ പരാതിയിൽ പറയുന്നു. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് ടെൻഡർ ഇല്ലാതെ കരാറുകൾ നൽകിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കെ.എസ്.യു നേതാവായ മുഹമ്മദ് ഷമ്മാസാണ് പി പി ദിവ്യക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നത്. ടെൻഡർ ഇല്ലാതെ കാർട്ടൺ കമ്പനിക്ക് കരാർ നൽകിയെന്നും ഇത് ദിവ്യയുടെ ബിനാമി കമ്പനിയാണെന്നുമാണ് പരാതിയുടെ ആരോപണം. പരാതിയിൽ ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും വിജിലൻസ് പരിശോധിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അബ്ദുൾ ലത്തീഫിനെതിരേയും അന്വേഷണമുണ്ടാകും.
വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കുമെന്ന് പി പി ദിവ്യ പ്രതികരിച്ചിരുന്നു. അന്വേഷണത്തെ സ്വാഗതംചെയ്യുന്നതായും അപവാദങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ദിവ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും പരാതിയിലെ ആരോപണങ്ങൾ തെളിയിച്ചാൽ ഷമ്മാസിന് ഒരു കോടി രൂപ നൽകാമെന്നും കാർട്ടൺ ഇന്ത്യ കമ്പനിയും അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam