Muslim Leauge : കെ.എം. ഷാജി പക്ഷം പാര്‍ട്ടിയെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു : പി പി ഷൈജല്‍

By Web TeamFirst Published Dec 7, 2021, 2:46 PM IST
Highlights

താന്‍ അടക്കം പരാതി പറഞ്ഞവരെല്ലാം സംസ്ഥാന നേതൃത്വം പുറത്താക്കുകയായിരുന്നു. വയനാട് മുസ്ലീം ഓര്‍ഫനേജിനെ മറയാക്കി കെ.എം. ഷാജി പക്ഷമാണ് പാര്‍ട്ടിയെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നും ഷൈജല്‍ ആരോപിച്ചു.  


കല്‍പ്പറ്റ: ഹരിത വിഷയത്തില്‍ (Haritha issue) യൂത്ത് ലീഗില്‍ നിന്നും പുറത്താക്കിയ പി പി ഷൈജല്‍ (PP Shyjal) മുസ്ലീം ലീഗ് (Muslim Leauge) നേതൃത്വത്തിനെതിരെ വീണ്ടും രംഗത്ത്. പുത്തുമല ദുരിതബാധിതര്‍ക്ക് വേണ്ടി പിരിച്ച ഒരു കോടിയോളം രൂപ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരിക്കുന്നവര്‍ വക മാറ്റിയെന്നും ദുരന്തബാധിതര്‍ക്ക് വേണ്ടി ഒരു വീടിന്‍റെ പണിപോലും ഇതുവരെയായിട്ടും തുടങ്ങിയിട്ടില്ലെന്നും ഷൈജന്‍ ആരോപിച്ചു. 

പാര്‍ട്ടിയിലെ അഴിമതിക്കെതിരെ പരാതി നല്‍കുന്നവരെ പുറത്താക്കുകയാണ് പാണക്കാട് തങ്ങള്‍ അടക്കമുള്ള സംസ്ഥാന നേതൃത്വം ചെയ്യുന്നത്. പ്രതിഷേധമുള്ള പഞ്ചായത്ത് കമ്മിറ്റികള്‍ വരെ പിരിച്ചുവിട്ടാണ് വയനാട് ജില്ല മുസ്ലീംലീഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനമെന്നും ഷൈജല്‍ ചൂണ്ടിക്കാട്ടി. ജില്ലാ ജോയിന്‍റ് സെക്രട്ടറി യഹിയാഖാന്‍ ആണ് 'മന്നാര്‍ക്കുടി മാഫിയ'യെ നിയന്ത്രിക്കുന്നതെന്നും ഷൈജില്‍ ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ സംസ്ഥാന നേതൃത്വത്തിന് നിരവധി പരാതികളാണ് ഉണ്ടായത്. എന്നാല്‍, താന്‍ അടക്കം പരാതി പറഞ്ഞവരെയെല്ലാം സംസ്ഥാന നേതൃത്വം പുറത്താക്കുകയായിരുന്നു. വയനാട് മുസ്ലീം ഓര്‍ഫനേജിനെ മറയാക്കി കെ.എം. ഷാജി പക്ഷമാണ് പാര്‍ട്ടിയെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നും ഷൈജല്‍ ആരോപിച്ചു.  

പുത്തുമല ദുരിതബാധിതര്‍ക്കായി മുസ്ലീംലീഗ് സ്വരൂപിച്ച പണം പാര്‍ട്ടിക്കുള്ളില്‍ 'മന്നാര്‍ക്കുടി മാഫിയ' എന്ന് വിളിപ്പേരുള്ള സംഘം മുക്കിയെന്നാണ് മുന്‍ യൂത്ത് ലീഗ് നേതാവ് പി.പി. ഷൈജന്‍റെ ആരോപണം. ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതില്‍ വ്യത്യസ്ഥ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ഷൈജലിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ആയിരിക്കെ പുത്തുമല പുനരധിവാസത്തിലെ അഴിമതി സംബന്ധിച്ച കാര്യം ഇദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുഞ്ഞാലിക്കുട്ടി അടക്കമുള്ള സംസ്ഥാന നേതൃത്വം പിന്തുണ നല്‍കുന്ന മാഫിയ സംഘമാണ് വയനാട്ടിലെ ലീഗിനെ നിയന്ത്രിക്കുന്നതെന്ന് ഷൈജല്‍ ആരോപിച്ചു. 

പുത്തുമല ദുരന്തത്തെ തുടര്‍ന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന നേതൃത്വം 60 ലക്ഷം രൂപയും കെ.എം.സി.സി 30 ലക്ഷവും ജില്ല നേതൃത്വത്തിന് നല്‍കിയിരുന്നു. ദുരിതബാധിതര്‍ക്ക് എല്ലാവര്‍ക്കും വീടൊരുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ തന്നെ പുത്തുമല സന്ദര്‍ശിച്ചപ്പോള്‍ സൂചിപ്പിച്ചിരുന്നു. പുനരധിവാസത്തിനായി ഭൂമി വാങ്ങുന്നതിനാണ് സംസ്ഥാന കമ്മിറ്റി 60 ലക്ഷം രൂപ നല്‍കിയത്. ജില്ലയില്‍ നിന്നും പാര്‍ട്ടി പിരിവ് നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സ്വരൂപിച്ച ഒരു കോടി രൂപയെങ്കിലും പുത്തുമലയുടെ പേരില്‍ ജില്ലാ കമ്മിറ്റി നേതാക്കളുടെ കൈകളിലെത്തിയിട്ടുണ്ടെന്നും ഷൈജല്‍ ആരോപിക്കുന്നു. 

എന്നാല്‍, 2021-ന്‍റെ അവസാനമായിട്ടും ദുരിതബാധിതരായ ഒരു കുടുംബത്തിനും പോലും മുസ്ലീംലീഗ് വീട് നല്‍കിയിട്ടില്ല. ഒരു വീടിന് തറക്കല്ലിട്ടുവെന്ന് ചന്ദ്രിക പത്രത്തില്‍ പോലും വാര്‍ത്ത വന്നില്ല. എ.പി, ഇ.കെ അടക്കമുള്ള, സംഘടനകള്‍ പല ദുരിതബാധിതര്‍ക്കും വീട് നല്‍കിക്കഴിഞ്ഞ സ്ഥാനത്ത് ഒരു കോടിയോളം രൂപ പിരിച്ച ലീഗ് ഒന്നും ചെയ്തിട്ടില്ല. ഈ പണം എവിടെ പോയെന്നതിന് കണക്കില്ലെന്നും ഷൈജല്‍ ആരോപിക്കുന്നു. മുസ്ലീം ലീഗിന്‍റെ ഭരണഘടന പ്രകാരമുള്ള ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് തന്നെ പുറത്താക്കിയത്. ഓഫീസിലേക്ക് വിളിച്ച് വരുത്തി തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടായില്ല. താന്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. കുറെക്കാലം പാര്‍ട്ടിക്കകത്ത് ഉന്നയിച്ച കാര്യങ്ങള്‍ ഇപ്പോള്‍ മാത്രമാണ് പുറത്തുപറയുന്നതെന്നും ഷൈജല്‍ പറയുന്നു.  

ഹരിത വിഷയത്തിന് ശേഷം മാത്രമാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും പാര്‍ട്ടിയിലെ ചില പുഴുക്കുത്തുകളെ കുറിച്ച് പറഞ്ഞത്. പുത്തുമല ദുരിതബാധിതരെ ജില്ല കമ്മിറ്റി പറ്റിച്ചത് അടക്കമുള്ള കാതലായ പരാതികള്‍ പാര്‍ട്ടിക്കുള്ളിലാണ് ഉന്നയിച്ചത്. എന്നാല്‍, ഇക്കാര്യം യാഥാര്‍ഥ്യമാണെന്നുള്ളത് കൊണ്ട് അപ്പോഴൊന്നും നടപടിയെടുക്കാതെ ഹരിത വിഷയം മറയാക്കിയാണ് സ്ഥാപിത താല്‍പ്പര്യക്കാര്‍ തനിക്കെതിരെ നീങ്ങിയിരിക്കുന്നത്. ഹരിത വിഷയത്തില്‍ തനിക്കെതിരെ നടപടിയെടുപ്പിക്കാന്‍ ജില്ലാ കമ്മിറ്റി ശ്രമിച്ചിരുന്നു. അത് പരാജയപ്പെട്ടത് കാരണമാണ് ജില്ലാകമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നും പിന്നീട് പുറത്താക്കുന്നതെന്നും ഷൈജല്‍ ആരോപിച്ചു. മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിന് കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും ഷൈജല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

 

 

click me!